പ്രവാസികളുടെ യാത്രാ പ്രതിസന്ധി: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സോഷ്യല്‍ ഫോറം അസീര്‍
അബഹ: കൊവിഡിന് മുമ്പും ശേഷവുമായി അവധിക്ക് നാട്ടില്‍ പോയി സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി ഇടപെടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യക്കാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് സൗദിയിലേക്ക് നേരിട്ട് തിരിച്ചുവരുന്നതിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇത് മറികടക്കാന്‍ യുഎഇ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്തിരുന്നത്. പിന്നീട് കൊവിഡ് രണ്ടാംഘട്ടം ആരംഭിച്ചതോടെ സൗദി അതിര്‍ത്തി അടയ്ക്കുകയും ദുബയിലും മറ്റും ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
ഒരുപാട് പ്രതീക്ഷകളുമായി വന്‍തുക മുടക്കി വന്നവരുടെ തിരിച്ചുപോക്ക് പലരെയും സാമ്പത്തികമായും മാനസികമായും തളര്‍ത്തിയിരിക്കുകയാണ്. ജനുവരി മൂന്നിന് ഭാഗികമായി തുറന്ന വ്യോമാതിര്‍ത്തിയിലൂടെ ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും വിലക്ക് നിലനില്‍ക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാനും സൗദി യാത്രാ വിലക്ക് പിന്‍വലിക്കുന്ന മുറയ്ക്ക് പ്രവാസികള്‍ക്ക് പ്രയാസങ്ങളില്ലാതെ തിരിച്ചുവരാനും വേണ്ട ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനിവാര്യമായി ഉണ്ടാവേണ്ടതുണ്ട്.
വിസാ കാലാവധി കഴിഞ്ഞ് നാട്ടില്‍ കഴിയുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്ക കാര്യക്ഷമമായി ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലും കര്‍ണാടകയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രസിക്ക് വമ്പിച്ച പിന്തുണ നല്‍കിയ നല്ലവരായ ജനാധിപത്യവിശ്വാസികള്‍ക്ക് യോഗം നന്ദി അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹനീഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ഒ എച്ച് മുസ്തഫ, ഹനീഫ ചാലിപ്പുറം, മുഹമ്മദലി എടക്കര എന്നിവര്‍ സംസാരിച്ചു.