വിമാനവിലക്ക് പിന്‍വലിച്ചു; സൗദിയില്‍നിന്ന് പുറത്തേയ്ക്ക് വിദേശികള്‍ക്ക് യാത്രാനുമതി

വകഭേദം സംഭവിച്ച കൊവിഡ് റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല. നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്‍മാരല്ലാത്ത എല്ലാവരെയും കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിച്ച് യാത്ര ചെയ്യിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Update: 2020-12-27 15:41 GMT

റിയാദ്: സൗദി അറേബ്യയില്‍നിന്ന് വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേയ്ക്ക് വിമാനസര്‍വീസിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സര്‍ക്കുലറിലാണ് വിദേശികള്‍ക്ക് മാത്രമായി യാത്രാനുമതിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശവിമാനങ്ങള്‍ക്കും സൗദിയില്‍നിന്ന് സര്‍വീസ് നടത്താം. എന്നാല്‍, വിദേശവിമാനങ്ങളിലെ സ്റ്റാഫിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വിമാനത്തിന് പുറത്തിറങ്ങാനാവൂ.

കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ജീവനക്കാര്‍ മറ്റുള്ളവരുമായി ശാരീരിക സമ്പര്‍ക്കമുണ്ടാക്കാന്‍ പാടില്ല, കര്‍ശനമായ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വകഭേദം സംഭവിച്ച കൊവിഡ് റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല. നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്‍മാരല്ലാത്ത എല്ലാവരെയും കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിച്ച് യാത്ര ചെയ്യിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, പുറത്തുനിന്ന് സൗദിയിലേക്ക് വരാന്‍ അനുമതി നല്‍കിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് ചില രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഒരാഴ്ച മുമ്പാണ് മുഴുവന്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കും സൗദി ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഒരാഴ്ചത്തേയ്ക്കായിരുന്നു താല്‍ക്കാലിക വിലക്ക്. ഈ കാലാവധി തികയുന്ന സാഹചര്യത്തിലാണ് സൗദികളല്ലാത്തവര്‍ക്ക് യാത്ര അനുവദിച്ചുകൊണ്ടുള്ള ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ് വന്നിരിക്കുന്നത്.

Tags:    

Similar News