കുവൈത്തിലേക്കുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ സമയമെടുക്കും; പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ പ്രയാസത്തിലാവും
ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് ഇന്ത്യക്കാരുടെ പൊതുമാപ്പ് രജിസ്‌ട്രേഷന്‍ നിശ്ചയിച്ചിട്ടുള്ളത്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. യാത്രാവിമാനങ്ങള്‍ നിര്‍ത്തിയതോടെ വിസാ കാലാവധി കഴിഞ്ഞ നിരവധി പേരാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന മന്ത്രിസഭാ തീരുമാനം ഇത്തരക്കാര്‍ക്ക് ആശ്വാസമാവുന്നതാണ്.
പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. യാത്രാവിമാനങ്ങള്‍ നിര്‍ത്തിയതിനുശേഷം നേരത്തേ ഈജിപ്ത്, ലബനാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തിയില്ല. മാത്രമല്ല, വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ മെയ് വരെ കാത്തിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് ഇന്ത്യക്കാരുടെ പൊതുമാപ്പ് രജിസ്‌ട്രേഷന്‍ നിശ്ചയിച്ചിട്ടുള്ളത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ യാത്രാദിവസംവരെ കുവൈത്ത് അധികൃതരുടെ കസ്റ്റഡിയിലായിരിക്കും. രേഖകളും ലഗേജുമായാണ് രജിസ്‌ട്രേഷനെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങാന്‍ കഴിയില്ല. വിമാനസര്‍വീസ് എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ലാത്തതിനാല്‍ എത്രദിവസം അവിടെ കിടക്കേണ്ടിവരുമെന്ന് അറിയില്ല. അതിനാല്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.