സ്വകാര്യ ബസ് സമരം: കൂടുതല്‍ സര്‍വീസ് നടത്തുന്നില്ല; യാത്രക്കാരെ വലച്ച് മാള കെഎസ്ആര്‍ടിസി

Update: 2022-03-26 15:00 GMT

മാള: യാത്രക്കാരെ പെരുവഴിയിലാക്കി വലച്ച് മാള കെഎസ്ആര്‍ടിസി. സ്വകാര്യബസ് സമരം മൂലം കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കേണ്ട സ്ഥാനത്ത് മണിക്കൂറുകളോളം പൊരിവെയിലത്ത് കഷ്ടപ്പെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാള കെഎസ്ആര്‍ടിസിയില്‍ നിന്നും ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിരുന്ന മാള- തൃശൂര്‍ റൂട്ടില്‍ പോലും മണിക്കൂറുകളുടെ ഇടവേളയാണുള്ളത്. കൂടാതെ കൊടുങ്ങല്ലൂര്‍, എരവത്തൂര്‍ വഴി ആലുവ തുടങ്ങിയ റൂട്ടുകളിലും മണിക്കൂറുകളേറെ കാത്ത് നിന്നാലാണ് ബസ്സെത്തുന്നത്.

ഈ റൂട്ടുകളിലെല്ലാം കത്തുന്ന വെയിലത്ത് മണിക്കൂറുകളേറെ കാത്തുനില്‍ക്കേണ്ട സാഹചര്യമാണ്. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവരുന്നത് പരീക്ഷയുള്ള വിദ്യാര്‍ഥികളാണ്. രാവിലെയും ഉച്ചയ്ക്കും പരീക്ഷയ്ക്ക് പോവാനും പരീക്ഷ കഴിഞ്ഞ് തിരികെ വീടുകളിലേക്കെത്താനും വളരെയേറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. ഏറെ നേരം കാത്തുനിന്നൊടുവില്‍ പൈസ പിരിവിട്ട് ഓട്ടോറിക്ഷ വിളിച്ച് പോവേണ്ടതായിവരികയാണ്. കൂലിപ്പണിക്ക് പോവുന്നവരും വിവിധാവശ്യങ്ങള്‍ക്കിറങ്ങുന്നവരും അടക്കമുള്ളവരും കുറച്ചൊന്നുമല്ല ദുരിതമനുഭവിക്കുന്നത്.

കൊവിഡ് മൂലം നിര്‍ത്തലാക്കിയിരുന്ന സര്‍വീസുകള്‍ എല്ലാം തന്നെ ഓടിക്കാനാവുന്ന സാഹചര്യത്തിലാണിത്. സ്വകാര്യബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന ബന്ധപ്പെട്ട അധികൃതരുടെ വാക്കുകള്‍ വിശ്വസയോഗ്യമല്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന സമയത്ത് ഓടിയിരുന്നത്രയും സര്‍വീസുകളാണ് ഇപ്പോഴും മാള കെഎസ്ആര്‍ടിസിയില്‍ നിന്നുമുള്ളത്.

Tags:    

Similar News