കുവൈത്ത് അമീറിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

Update: 2020-09-30 14:37 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. സുലൈബിക്കാത്ത് ഖബറിസ്ഥാനില്‍ അല്‍പ സമയം മുമ്പാണു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പുതിയ അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ്, പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, പാര്‍ലമന്റ് സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനം., അമീറിന്റെ മൂത്ത പുത്രനും മുന്‍ പ്രതിരോധ മന്ത്രിയുമായ ഷൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമദ്, മക്കള്‍, സഹോദരങ്ങള്‍, മന്ത്രിമാര്‍, രാജ കുടുംബത്തിലെ പ്രമുഖര്‍ മുതലായവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.


ഇന്ന് ഉച്ചക്ക് 2 മണിയോടെയാണു അമേരിക്കയില്‍ നിന്നും കുവൈത്ത് എയര്‍ വെയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ മൃത ദേഹം കുവൈത്തില്‍ എത്തിയത്. വിമാന താവളത്തില്‍ നിന്നും മൃതദേഹം നേരെ ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അല്‍ ബിലാല്‍ അല്‍ റബീഹിലേക്കാണു കൊണ്ട് പോയത്. അവിടെ നിന്നും മയ്യിത്ത് നമസ്‌കാരം നടത്തിയ ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്കാണു കൊണ്ടു പോയത്. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണു കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വെച്ച് മരണമടഞ്ഞത്.




Similar News