ജി-20 ഉച്ചകോടി നവംബര്‍ 21, 22 തിയ്യതികളില്‍ റിയാദില്‍
യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ ഉള്‍പ്പെടെ ലോകത്തിലെ വന്‍ശക്തികളായ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍.
റിയാദ്: 15ാമത് ജി- 20 ഉച്ചകോടി നവംബര്‍ 21, 22 തിയ്യതികളില്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുക. യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ ഉള്‍പ്പെടെ ലോകത്തിലെ വന്‍ശക്തികളായ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍. 2019 ജൂണില്‍ ജപ്പാനിലെ ഒസാക്കയില്‍ ചേര്‍ന്ന 14ാമത് ഉച്ചകോടിയിലാണ് സൗദി അറേബ്യയ്ക്ക് 2020 ലെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ലഭിച്ചത്.
സൗദി അറേബ്യയ്ക്ക് പുറമെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക, ഇന്തോനീസ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, യൂറോപ്യന്‍ യൂനിയന്‍, അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, കൊറിയ, റഷ്യ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി സ്‌പെയിന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുമാണ് ഈവര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളും അടക്കമുള്ള മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ജീവിക്കാനും ജോലിചെയ്യുന്നതിനും അഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്ന തരത്തില്‍ ശാക്തീകരിക്കുക, സാങ്കേതിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവയെല്ലാം ഉച്ചകോടിയിലെ അജണ്ടകളാണ്.