കുവൈത്തില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിലായി

Update: 2022-01-02 08:46 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായി പെയ്ത മഴയില്‍ റോഡുകള്‍ വെള്ളത്തിലായി. അര്‍ധരാത്രി മുതല്‍ പെയ്യുന്ന മഴയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് നേരിടുന്നത്. ഞായറാഴ്ച രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മിതമായതോ അതിശക്തമായതോ ആയ മഴയും ചില സമയങ്ങളില്‍ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാവുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും അപ്പോള്‍ മഴ ക്രമേണ കുറയുമെന്നും വകുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

കടലില്‍ പോവരുതെന്നും റോഡ് ഗതാഗതത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. അഹ്മദി ഭാഗത്താണ് മഴ കനത്തത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടായി. മോശം കാലാവസ്ഥയില്‍ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോള്‍ ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.

വെള്ളപ്പൊക്കമുണ്ടാവാതിരിക്കാന്‍ ഓടകള്‍ വൃത്തിയാക്കിയും മറ്റും പൊതുമരാമത്ത് മന്ത്രാലയം കഴിയുന്ന വിധം മുന്നൊരുക്കം നടത്തിയിട്ടുണ്ട്. അഗ്‌നിശമന വിഭാഗവും ജാഗ്രതയിലാണ്. കുവൈത്ത് എയര്‍പോര്‍ട്ട് സ്‌റ്റേഷനിലും സബാഹ് അല്‍ അഹമ്മദ് പ്രദേശത്തും രാവിലെ 10 മണി വരെ 34 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥാ വകുപ്പ് റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വടക്ക് അല്‍ അബ്ദാലിയില്‍ 32 മില്ലീമീറ്ററും അല്‍ ജഹ്‌റയില്‍ 28 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. രാജ്യത്തിന്റെ പടിഞ്ഞാറ് അല്‍സാല്‍മിയും അല്‍അദാമിയും 27 മില്ലിമീറ്റര്‍ രേഖപ്പെടുത്തിയതായി വകുപ്പ് അറിയിച്ചു.

Tags:    

Similar News