വാണിജ്യ വ്യവസായ രംഗത്തെ സഹകരണം; അബൂദബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും

Update: 2022-02-02 15:55 GMT

ദുബയ്: വാണിജ്യ വ്യവസായരംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. അബൂദബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മസ്രോയിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. അബൂദബി ചേംബര്‍ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജീവ്, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ഡോ:കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഒഎസ്ഡി മിര്‍ മുഹമ്മദ് അലി എന്നിവരെ ചേംബര്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കേരളവും അബൂദബിയും തമ്മില്‍ വാണിജ്യ വ്യവസായ മേഖലകളില്‍ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് ചേംബര്‍ ചെയര്‍മാന്‍ അബ്ദുല്ല അല്‍ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്‌നേഹവുമാണ് ജനങ്ങള്‍ തമ്മിലുള്ളത്. മലയാളികള്‍ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കുന്ന നിക്ഷേപ സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കുവാന്‍ അബൂദബി ചേംബറിന്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്. അബൂദബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മെഹെരി എന്നിവരും പങ്കെടുത്തു.

ദുബയ് എക്‌സ്‌പോ 2020ന്റെ വേദിയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കിയിരുന്നു. അദ്ദേഹത്തോടൊപ്പം ദുബയ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

കേരളത്തിന്റെ വികസനത്തില്‍ യുഎഇ നല്‍കിവരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന്‍പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബൂദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.

Tags:    

Similar News