ഹിജാബ് നിരോധനം: സംഘടിത ഫാസിസ്റ്റ് ശ്രമത്തിനെതിരേ സ്ത്രീ സമൂഹം പ്രതികരിക്കുക- വുമണ്‍സ് ഫ്രറ്റേണിറ്റി ഫോറം

കലാലയങ്ങളില്‍ ഹിജാബിനെതിരേ കാംപയിന്‍ നടത്തുന്നവര്‍ മതേതര മൂല്യങ്ങളെയാണ് തകര്‍ക്കുന്നത്.

Update: 2022-02-21 11:43 GMT

റിയാദ്: ഹിജാബ് നിരോധനത്തിലൂടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഘടിത ശ്രമമാണ് ഫാഷിസ്റ്റ് ശക്തികള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് വുമണ്‍സ് ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ഘടകം പ്രസ്താവിച്ചു.

കലാലയങ്ങളില്‍ ഹിജാബിനെതിരേ കാംപയിന്‍ നടത്തുന്നവര്‍ മതേതര മൂല്യങ്ങളെയാണ് തകര്‍ക്കുന്നത്. മതേതര മൂല്യങ്ങള്‍ പടുത്തുയര്‍ത്തേണ്ട കലാലയങ്ങളില്‍ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തി വിഭാഗീയതയുണ്ടാക്കുവാനും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നതിനും ഫാഷിസ്റ്റുകള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണമെന്ന് റിയാദില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വുമണ്‍സ് ഫ്രറ്റേണിറ്റി ഫോറം ആവശ്യപ്പെട്ടു.

'ഹിജാബ് ഈസ് മൈ റൈറ്റ്', 'ഹിജാബ് ഞങ്ങളുടെ ഭരണഘടനാപരമായ അവകാശം', ഹിജാബ് എന്റെ വിശ്വാസം', ഹിജാബ് എന്റെ തിരഞ്ഞെടുപ്പ്, ഹിജാബ് എന്റെ ഐഡന്റിറ്റി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് വനിതകളും കുട്ടികളും അടങ്ങുന്നവര്‍ പ്രതിഷേധിച്ചത്.

വുമണ്‍സ് ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളായ റബീബ തിരൂര്‍, റാബിയ മണ്ണാര്‍ക്കാട് കുടുംബ സംഗമത്തിന് നേതൃത്വം നല്‍കി. വിനോദ മത്സര പരിപാടികളില്‍ റിസ്‌ന കണ്ണൂര്‍, അസ്‌ലഹ വേങ്ങര, മൈമൂന്‍ കൊല്ലം എന്നിവര്‍ വിജയികളായി. റാബിയ മണ്ണാര്‍ക്കാട്, റബീബ തിരൂര്‍, സറീന കണ്ണമംഗലം സമ്മാന വിതരണം നിര്‍വ്വഹിച്ചു.

Tags:    

Similar News