കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യ- സൗദി സഹകരണം സഹായമായി: ഇന്ത്യന്‍ അംബാസഡര്‍

Update: 2022-01-01 18:11 GMT

ദമ്മാം: കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ മറികടക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഏറെ സഹായമായെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദ്. നയതന്ത്രതലത്തിലും പ്രതിരോധം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ മറ്റു രംഗങ്ങളിലും പുതിയ ചുവടുവയ്പ്പുകള്‍ നടത്താനായി. ഇന്ത്യ- സൗദി ബന്ധത്തില്‍ കൂടുതല്‍ ദൃഢതയും ഊഷ്മളതയും കൈവന്ന വര്‍ഷമാണ് കടന്നുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ എംബസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധികാലങ്ങളില്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ബന്ധം തുടരാന്‍ കഴിഞ്ഞു. അന്താരാഷ്ട്ര വേദികളിലെ തിരഞ്ഞെടുപ്പുകളില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും സമവായം രൂപപ്പെടുത്താനും ഇത് സഹായമായി. പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ തുടരുന്നത് ഈ ബന്ധങ്ങളെ കൂടുതല്‍ ദൃഢമുള്ളതാക്കി മാറ്റിയിരിക്കുന്നു. നയതന്ത്രതലത്തിലും പ്രതിരോധം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ മറ്റു രംഗങ്ങളിലും പുതിയ ചുവടുവയ്പ്പുകള്‍ നടത്താനായി. സൗദിയില്‍ കുടുങ്ങിപ്പോയ എട്ടുലക്ഷത്തോളം ആളുകളെ വന്ദേഭാത് മിഷന്‍ വഴി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു.

ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താനുള്ള വാതിലുകള്‍ തുറന്നിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ കരാറും പ്രാബല്യത്തിലാവുകയാണ്. ഇതുപ്രകാരം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കാനും കൂടുതല്‍ പേര്‍ക്ക് തിരിച്ചെത്താനുമാവും. കൊവാക്‌സിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. കൊവാക്‌സിന്‍ സൗദിയില്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കുകയും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തതോടെ സൗദിയുടെ എട്ട് തന്ത്രപ്രധാന പങ്കാളികളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കപ്പല്‍പാതകള്‍ സുഗമമാക്കുന്നതില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്തു. 2021ല്‍ ഇന്ത്യയില്‍നിന്നുള്ള മൂന്ന് കപ്പലുകള്‍ സൗദിയില്‍ സന്ദര്‍ശനം നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി നാവിക അഭ്യാസം 'അല്‍ മൊഹെദ്അല്‍ ഹിന്ദി' ആഗസ്തില്‍ ജുബൈലില്‍ നടത്തി. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ സൗദിയില്‍ സന്ദര്‍ശനം നടത്തി.

2021ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി മാറി. അതോടൊപ്പം ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയായി ഉയരാന്‍ സൗദിക്കും കഴിഞ്ഞത് മികച്ച നേട്ടമാണ്. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ മൂന്ന് ടൂറിസം ഓഫിസുകള്‍ സൗദി തുറന്നിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഐഐടി ഡല്‍ഹി പോലുള്ള മുന്‍നിര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ശാഖകള്‍ സൗദിയില്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News