സൗദി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കാന്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നിവേദനം നല്‍കി

നിലവില്‍ വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി 84 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ചെറിയ അവധിക്കു ഇന്ത്യയിലെത്തിയവര്‍ക്ക് ഇതുമൂലം രണ്ടാം ഡോസ് എടുക്കുക പ്രയാസകരാവും. അതിനാല്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം പരിധി പരമാവധി കുറക്കണം.

Update: 2021-05-24 17:28 GMT

ജിദ്ദ: നാട്ടില്‍ അവധിയിലുള്ള പതിനായിരക്കണക്കിനു പ്രവാസികള്‍ സൗദിയിലേക്ക് മടങ്ങി വരാനാകാതെ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ മടങ്ങി വരവിന് ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്ന് ജിദ്ദാ ഇന്ത്യന്‍ മീഡിയാ ഫോറം കേന്ദ്ര ആരോഗ്യ മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിന്റെ കോപ്പി ഇന്ത്യന്‍ അംബാസഡര്‍ക്കും, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനും നല്‍കി.

ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകളില്‍, കോവിഷീല്‍ഡ് (ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനിക്ക) വാക്‌സിന്‍ മാത്രമേ നിലവില്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂ. അതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അതില്‍ കോവീഷീല്‍ഡ് എന്നു മാത്രം രേഖപ്പെടുത്തുന്നത് സൗദിയില്‍ സ്വീകാര്യമല്ല. ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനിക്ക എന്നു കൂടി രേഖപ്പെടുത്തയാലേ അത് സ്വീകാര്യമാവുകയുള്ളൂ. ഇതുമൂലം അവധിയില്‍ പോയ നിരവധി പേര്‍ക്ക് സൗദിയിലേക്കുള്ള മടക്കം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പറും പാസ്‌പോര്‍ട്ടിലുള്ളത് പോലെ പേരും ചേര്‍ക്കേണ്ടതും നിര്‍ബന്ധമാണ്.

നിലവില്‍ വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി 84 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ചെറിയ അവധിക്കു ഇന്ത്യയിലെത്തിയവര്‍ക്ക് ഇതുമൂലം രണ്ടാം ഡോസ് എടുക്കുക പ്രയാസകരാവും. അതിനാല്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം പരിധി പരമാവധി കുറക്കണം. അവധിയിലുള്ള വിദേശ ഇന്ത്യക്കാര്‍ ഇത്തരം പ്രശ്‌നങ്ങളാല്‍ തിരിച്ചു പോരാന്‍ സാധിക്കാതെ ആശങ്കയിലും ജോലി നഷ്ടപ്പെടുമോ എന്ന ആധിയിലുമാണ് കഴിയുന്നത്. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ജിദ്ദാ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി എം മായിന്‍കുട്ടിയും ജന. സെക്രട്ടറി ബിജുരാജ് രാമന്തളിയും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News