കല്‍പ്പറ്റ: വയനാട്ടിലെ കെന്‍സ പദ്ധതിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശിഹാബ് ഷാ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015ലാണ് വയനാട്ടില്‍ കെന്‍സ ഗ്രൂപ്പിന് കീഴില്‍ വില്ല പദ്ധതി ആരംഭിക്കുന്നത്. 25 ശതമാനം തുക നല്‍കിയാല്‍ വില്ലയുടെ സ്ഥലവും കെട്ടിടവും നിക്ഷേപകന് രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്നായിരുന്നു വാഗ്ദാനം. അതില്‍ വീഴ്ച വരുത്തിയിട്ടില്ല. ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കാത്തവരാണ്. വില്ലയോട് ചേര്‍ന്നുതന്നെ ആരോഗ്യ സൗഖ്യ പദ്ധതി വിഭാവനം ചെയ്തു. വില്ല പദ്ധതിയുടെ സ്ഥലം പുതിയ പദ്ധതിക്കായി നീക്കിവച്ചിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റായ ആരോപണങ്ങളാണ് നിക്ഷേപകരില്‍ ചിലര്‍ ഉന്നയിക്കുന്നത്. ഇതുവരെ ഒരു പരാതിയും തനിക്ക് നേരിട്ട് ലഭിച്ചിട്ടില്ല. അതേസമയം നിക്ഷേപകരില്‍ ചിലര്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. തന്റെ വില്ലകള്‍ കോടതി കണ്ടുകെട്ടിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. 400 കോടി രൂപ മൂല്യമുള്ളതാണ് ഗ്രൂപ്പിന്റെ പദ്ധതികള്‍. വില്ലാ പദ്ധതി അവസാനഘട്ടത്തിലാണ്. സൗഖ്യ ചികില്‍സാ പദ്ധതിയുടെ നിര്‍മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിക്ഷേപകരില്‍ പലരും പുതിയ പദ്ധതിക്കായും താല്‍പര്യം കാണിച്ചിട്ടുണ്ട്. ചിലര്‍ ദുരുദ്ദേശ്യത്തോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ശിഹാബ് ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.