ദുബയ് കെഎംസിസിക്ക് സ്വന്തം ആസ്ഥാനം

Update: 2022-12-09 01:35 GMT

ദുബയ്: അരനൂറ്റാണ്ടിലേറെയായി പ്രവാസലോകത്ത് പ്രവര്‍ത്തിച്ചുവരുന്ന കെഎംസിസിക്ക് ദുബയില്‍ സ്വന്തമായി ആസ്ഥാനം നിര്‍മിക്കുന്നതിന് ദുബയ് സര്‍ക്കാര്‍ ഭൂമി നല്‍കി. ദുബയിലെ റാഷിദിയയിലാണ് ഒന്നര ഏക്കര്‍ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ദുബയ് കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഡിഎ ഡയറക്ടര്‍ എച്ച് ഇ അഹമ്മദ് അബ്ദുല്‍ കരിം ജുല്‍ഫാര്‍, പത്മശ്രീ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ദുബയ് നോളഡ്ജ് ഫണ്ട് എസ്റ്റാബ്ലിഷ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുല്ല അല്‍ അവാര്‍ എന്നിവരുമായി നടന്ന ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ വ്യവസായികളായ ഖാദര്‍ തെരുവത്ത്, അബ്ദുല്ല പൊയില്‍, ദുബയ് കെഎംസിസി സിഡിഎ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഡയറക്ടര്‍മാരായ ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീല്‍ സംബന്ധിച്ചു.

65 ഓളം മണ്ഡലം കമ്മിറ്റികളും 13 ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്ന ദുബയ് കെഎംസിസിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ഛയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദേര അബ്ര, സബക, അല്‍ ബറഹ, അല്‍ മംസര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കെഎംസിസി ആസ്ഥാനം ഇപ്പോള്‍ അബു ഹയിലെ വാടക കെട്ടിടത്തിലാണ്. യുഎഇ ദേശീയ ദിനം, ഇഫ്താര്‍ ടെന്റ്, ദുബയ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോനുബന്ധിച്ചുള്ള പ്രഭാഷണം, കലാ കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടെ സ്ഥലപരിമിതി കാരണം തൊട്ടടുത്തുള്ള മറ്റു വേദികളിലാണ് സംഘടിപ്പിച്ചുപോരുന്നത്.

സ്വന്തമായി കെട്ടിടമുണ്ടാവുന്നതോടെ മുഴുവര്‍ പരിപാടികളും നടത്താനുള്ള വേദി കെഎംസിസിക്ക് സ്വന്തമാവുമെന്ന സന്തോഷത്തിലാണ് മുഴുവന്‍ കെഎംസിസി അംഗങ്ങളുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദുബയ് കെഎംസിസി സിഡിഎ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഡയറക്ടര്‍മാരായ ഹുസൈനാര്‍ ഹാജി ഇടച്ചാകൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News