ജിദ്ദ: അനാകിഷ് കെഎംസിസി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മല്‍സരമായ 'ഇഖ്‌റഅ് 2023' ഗ്രാന്റ് ഫിനാലെ വെള്ളിയാഴ്ച്ച ജിദ്ദ കറം ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് രാത്രി ഏഴിന് ബഗ്ദാദിയ കറം ജിദ്ദ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് വിഭാഗങ്ങളിലായി ഒഡീഷനില്‍കൂടി തിരഞ്ഞെടുത്ത 38 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മല്‍സരങ്ങളാണ് നടക്കുന്നത്. ഓരോ വിഭാഗത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സമാപനസമ്മേളനത്തില്‍ കെഎംസിസി നേതാക്കള്‍ക്ക് പുറമേ വിവിധ മത സംഘടനാ പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അനാകിഷ് കെഎംസിസി പ്രസിഡന്റ് ബഷീര്‍ കീഴില്ലത്ത്, ജനറല്‍ സെക്രട്ടറി എ സി മുജീബ് പാങ്ങ്, ഖജാഞ്ചി മുഹമ്മദ് ഫത്താഹ് താനൂര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ കുറ്റിക്കടവ്, കണ്‍വീനര്‍ റഹ് മത്തലി എരഞ്ഞിക്കല്‍, സ്‌പോണ്‍സര്‍ ഫിറോസ്, റഫീഖ് ഫുഡ് മോഡേണ്‍ പങ്കെടുത്തു.