ഉന്നത വിദ്യാഭ്യാസ പരീക്ഷാ കേന്ദ്രങ്ങള്‍ ജിദ്ദയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ജിദ്ദ കേരളാ പൗരാവലി
ജിദ്ദ: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യ്ക്ക് കീഴില്‍ നടത്തപ്പെടുന്ന നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്), ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(ജീ) എന്നീ ടെസ്റ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ജിദ്ദയില്‍ അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജിദ്ദ പൗരാവലി തയ്യാറാക്കിയ അടിസ്ഥാന സ്ഥിതിവിവരണ കണക്കുകള്‍ അടങ്ങിയ പഠന റിപോര്‍ട്ട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനും സൗദി ഇന്ത്യന്‍ എംബസിക്കും സമര്‍പ്പിക്കുന്നതിന് വേണ്ടി പ്രസ് ഇന്‍ഫര്‍മേഷന്‍ ആന്റ് കോമേഴ്‌സ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിമിന് സമര്‍പ്പിച്ചു. സലാഹ് കാരാടന്‍, നസീര്‍ വാവ കുഞ്ഞു, സി എച്ച് ബഷീര്‍, നാസര്‍ ചാവക്കാട്, വേണു അന്തിക്കാട് എന്നിവരടങ്ങുന്ന നിവേദകസമിതിയാണ് വിശദമായ പഠന റിപോര്‍ട്ട് സമര്‍പ്പിച്ചത്.
ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭാ യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം സുവിജ സത്യനാണ് ഇതു സംബന്ധിച്ച പ്രമേയം അവതിരിപ്പിച്ചത്. ജിദ്ദ, തായിഫ്, അല്‍ ബാഹ, ഖമിസ് മുശൈത്ത്, അബ്ഹ, യാമ്പു, മദീന, തബൂക്, ജീസാന്‍, നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴില്‍ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ പരീക്ഷാകേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഓഫ് കാംപസുകളും ആരംഭിക്കണമെന്നാണ് ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധി സഭ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ബന്ധപ്പെട്ട വിഭാഗങ്ങളോട് ആവശ്യപ്പെട്ടത. തുടര്‍ നടപടികള്‍ക്കായി വിഷയം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള എംപിമാരുമായി ചര്‍ച്ച നടത്തി പഠന റിപോര്‍ട്ട് സമര്‍പ്പിക്കാനായി പൗരാവലി പ്രവര്‍ത്തക സമിതി അംഗം മിര്‍സാ ഷെരീഫിനെ(ആലപ്പുഴ) ചുമതലപ്പെടുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെയുള്ള നടപടികള്‍ക്ക് വേണ്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും വിശദമായ ഡാറ്റകള്‍ അയച്ചുനല്‍കും. നിലവില്‍ സൗദിയില്‍ നീറ്റ് എക്‌സാം സെന്റര്‍ റിയാദില്‍ മാത്രമാണുള്ളത്. സൗദിയുടെ വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നും ആയിരത്തില്‍ അധികം കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാര്‍ത്ഥികളെയുമായി രക്ഷിതാക്കള്‍ പരീക്ഷ കേന്ദ്രത്തില്‍ എത്തുന്നത്. ഇത് പലര്‍ക്കും സാമ്പത്തിക ബാധ്യതയും ജോലി സംബന്ധമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയാല്‍ തുടര്‍പഠനത്തിനുള്ള അംഗീകൃത കാംപസുകളുടെ അപര്യാപ്തത സൗദിയില്‍ കുടുംബവുമായി കഴിയുന്ന രക്ഷിതാക്കള്‍ വര്‍ഷങ്ങളായി പല തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നത് തുടരുകയാണ്. ജിദ്ദ പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന സുപ്രധാന തീരുമാനങ്ങള്‍ക്ക് ചര്‍ച്ചയായ ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധി സഭാ യോഗത്തില്‍ ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട്, ഖജാഞ്ചി ഷരീഫ് അറക്കല്‍, വേണു അന്തിക്കാട്, അബ്ദുല്‍ ഖാദര്‍ ആലുവ, ഷമീര്‍ നദ് വി, അലി തേക്കുത്തോട്, അസീസ് പട്ടാമ്പി, അഹമ്മദ് ഷാനി, സുനില്‍ സെയ്ദ്, മുഹമ്മദ് ബൈജു, ഡോ. ഇന്ദു ചന്ദ്രശേഖര്‍, ദിലീപ് താമരകുളം, നൗഷാദ് ചാത്തല്ലൂര്‍, ജലീല്‍ കണ്ണമംഗലം, റാഫി ബീമാപള്ളി, സുബൈര്‍ ആലുവ, സഹീര്‍ മഞ്ഞാലി, നജീബ് മടവൂര്‍, സുബൈര്‍ വയനാട്, ഹിഫ്‌സുര്‍ റഹ്മാന്‍ സംസാരിച്ചു.