കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തകരെ കൊണ്ടോട്ടി സെന്റര്‍ ആദരിക്കും
കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റായിരിക്കും വിപുലമായ അനുമോദന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. രാഷ്ട്രീയസാംസ്‌കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ക്ക് പുറമെ എയര്‍പോര്‍ട്ട് അതോറിറ്റി, ഫയര്‍ ആന്റ് റെസ്‌ക്യു, പോലിസ് എന്നീ വിഭാഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാവും.
ജിദ്ദ: കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വിമാനദുരന്ത സമയത്ത് രക്ഷാദൗത്യത്തില്‍ പങ്കെടുത്ത മുഴുവന്‍ സന്നദ്ധസേവകരെയും കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ആദരിക്കുന്നു. കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റായിരിക്കും വിപുലമായ അനുമോദന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. രാഷ്ട്രീയസാംസ്‌കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ക്ക് പുറമെ എയര്‍പോര്‍ട്ട് അതോറിറ്റി, ഫയര്‍ ആന്റ് റെസ്‌ക്യു, പോലിസ് എന്നീ വിഭാഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാവും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തില്‍പെട്ട 190 പേരെ രണ്ടുമണിക്കൂറിനുള്ളില്‍ പ്രതികൂലകാലാവസ്ഥയും അപകടസാധ്യതയും വകവയ്ക്കാതെ പുറത്തെടുത്ത് സ്വന്തം വാഹനത്തില്‍ ആശുപത്രികളില്‍ എത്തിച്ച ത്യാഗസന്നദ്ധതര്‍ക്ക് കൊണ്ടോട്ടി സെന്റര്‍ എക്സിക്യൂട്ടീവ് യോഗം അഭിനന്ദനങ്ങള്‍ അറിയിച്ചു.
മാനവജനതയ്ക്ക് മാതൃകയാണ് ഈ മഹനീയപ്രവര്‍ത്തനം. പ്രതികൂല കാലാവസ്ഥയും കൊവിഡ് നിയന്ത്രണവുമടക്കം ഒഴിഞ്ഞുമാറാന്‍ ഏറെ അവസരമുണ്ടായിട്ടും മനസ്സും ശരീരവും പൂര്‍ണമായി അവര്‍ മറ്റുള്ളവരുടെ ജീവനുവേണ്ടി സമര്‍പ്പിച്ചുവെന്നും യോഗം വിലയിരുത്തി. ദുരന്തത്തിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തുന്ന ചര്‍ച്ചകളും മീഡിയ റിപോര്‍ട്ടുകളും അനവസരത്തിലാണ്. തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുരന്തം. മരണപ്പെട്ട എല്ലാവര്‍ക്കും പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റ് കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ വിദഗ്ധചികില്‍ല്‍സയും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റിന്റെ കീഴില്‍ വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു വളന്റിയര്‍ ടീമിന് രൂപം നല്‍കും. കൊണ്ടോട്ടിയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ഓഫിസ് ഇതിന്റെ ഏകോപനത്തിനും റെസ്‌ക്യു ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തും. കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രി, ബസ് സ്റ്റാന്റ്, മറ്റ് പൊതു ഇടങ്ങളിലും അണുനശീകരണ സ്റ്റാന്റുകള്‍ സ്ഥാപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക എക്‌സിക്യൂട്ടീവ് യോഗത്തില്‍ സലിം മധുവായി, റഹ്മത്തലി എരഞ്ഞിക്കല്‍, കബീര്‍ കൊണ്ടോട്ടി, റഫീഖ് മങ്കായി, എ ടി ബാവ തങ്ങള്‍, കുഞ്ഞു കടവണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.