മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ 2022 വര്‍ഷത്തെ ജില്ലാ സമ്മേളനം ജൂണ്‍ 24നും പൊതുസമ്മേളനം ജൂലൈ നും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 24നു സെഗയ്യ കെസിഎ ഹാളില്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലൂടെ ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിലെ ആദ്യസെഷനായ ജനറല്‍ ബോഡി മീറ്റിങ്ങില്‍ നിലവിലെ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ ഭാരവാഹികള്‍, പ്രവാസി ശ്രീ യൂനിറ്റ് കോ-ഓഡിനേറ്റേഴ്‌സ് എന്നിവര്‍ പങ്കെടുക്കും.
രണ്ടാം സെഷനായ പ്രതിനിധി സമ്മേളനത്തില്‍ കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളില്‍ നടന്ന ഏരിയാ സമ്മേളനങ്ങളിലൂടെ തിരഞ്ഞെടുക്കപെട്ട പുതിയ ഏരിയാ ഭരണസമിതിയുടെ അംഗീകാരവും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അംഗീകാരവും തുടര്‍ന്ന് 2022-2024 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടക്കും. വൈകിട്ട് 3 മണിമുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ കലാസാഹിത്യ വിഭാഗമായ 'സൃഷ്ടി' യുടെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.
ജൂലൈ 1 നു വൈകീട്ട് നാല് മണി മുതല്‍ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ഭാഗമായ പൊതുസമ്മേളനത്തില്‍ കൊല്ലം ലോക്‌സഭാ അംഗം എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി കെപിഎ ആശുപത്രി ചാരിറ്റി വിങ്ങില്‍ നിസ്വാര്‍ഥ സേവനം നടത്തുന്ന വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെടിക്കല്‍ സ്റ്റാഫ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
കൂടാതെ കെപിഎ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളായ ശ്രീനാഥും, ദുര്‍ഗാ വിശ്വനാഥും ചേര്‍ന്ന് അവതരിപ്പിക്കുന്ന മ്യുസിക് നൈറ്റും കെപിഎ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മറ്റു പരിപാടികളുമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി, സ്റ്റാര്‍ ഇവെന്റ്‌സ് ചെയര്‍മാന്‍ സേതുരാജ് കടയ്ക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.