പാലക്കാട്ടെ പാര്‍ട്ടിയില്‍ ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നു; ജില്ലാ സമ്മേളനത്തില്‍ പിണറായിയുടെ വിമര്‍ശനം

Update: 2022-01-02 08:21 GMT

പാലക്കാട്: പാലക്കാട്ടെ പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയ്‌ക്കെതിരേ കടുത്ത മുന്നറിയിപ്പ് നല്‍കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. താഴെത്തട്ടിയുള്ള സമ്മേളനങ്ങളില്‍ തുടങ്ങിയ വിഭാഗീയത ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയിലേക്കും വ്യാപിച്ചതോടെയാണ് പിണറായി വിജയന്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയത്.പാലക്കാട്ടെ പാര്‍ട്ടിയില്‍ ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നതും കാണുന്നു. സംസ്ഥാന തലത്തില്‍ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാനായി.

വിഭാഗീയത ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്ക് പോവുമെന്നും സംഘടനാ റിപോര്‍ട്ടിലുള്ള മറുപടിയില്‍ പിണറായി മുന്നറിയിപ്പ് നല്‍കി. നേരത്തെ റിപോര്‍ട്ടുകളിലുള്ള ചര്‍ച്ചകളിലും പ്രതിനിധികളുടെ ചേരിപ്പോര് പ്രകടമായിരുന്നു. പട്ടാമ്പി, പുതുശ്ശേരി ഏരിയകളില്‍നിന്നുള്ള പ്രതിനിധികള്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരേ രംഗത്തെത്തി. കെടിഡിസി ചെയര്‍മാനായതിന് പിന്നാലെ പത്രത്തില്‍ പരസ്യം നല്‍കിയതിന്റെ പേരിലാണ് നടപടി. പാലക്കാട് സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പൊതുചര്‍ച്ച പൂര്‍ത്തിയായി. 45 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രവര്‍ത്തന റിപോര്‍ട്ടില്‍ സി കെ രാജേന്ദ്രനും സംഘടനാ റിപോര്‍ട്ടില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമാണ് മറുപടി പറഞ്ഞത്. സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. വൈകീട്ട് ടി എം അബൂബക്കര്‍, എം നാരായണന്‍ നഗറില്‍ (കോട്ടമൈതാനം) പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം സി ജോസഫൈന്‍, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ എന്നിവരും പങ്കെടുക്കും.

Tags:    

Similar News