സൗദിയില്‍ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ലെവി
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
റിയാദ്: ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെ വീട്ടുജോലിക്കാര്‍ക്കും ലെവി ചുമത്തി സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഒരു സൗദി പൗരന് നാലില്‍ കൂടുതല്‍ വീട്ടുജോലിക്കാരുണ്ടെങ്കില്‍ ഓരോര്‍ത്തര്‍ക്കും വര്‍ഷത്തില്‍ 9600 റിയാല്‍ ലെവി നല്‍കണം. രാജ്യത്ത് റെസിഡന്റ് പെര്‍മിറ്റുള്ള വിദേശിക്ക് കീഴില്‍ രണ്ടില്‍ കൂടുതല്‍ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നല്‍കണം. തൊഴിലാളിയല്ല, തൊഴിലുടമയാണ് ഈ തുക സര്‍ക്കാരില്‍ അടക്കേണ്ടത്. തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് പുതുക്കുമ്പോഴോ പുതിയത് എടുക്കുമ്പോഴോ ആണ് അതിന്റെ ഫീസിനോടൊപ്പം ഈ തുകയും മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ അടക്കേണ്ടത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പുതിയ നിയമം ഈ വര്‍ഷം മെയ് 22ന് ആദ്യ ഘട്ടവും 2023ല്‍ രണ്ടാം ഘട്ടവും പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് ലെവി നല്‍കിയാല്‍ മതി. രണ്ടാം ഘട്ടത്തില്‍ പുതിയതായി വരുന്നവര്‍ക്കും നല്‍കണം.