ഷാര്‍ജ റോളയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്; യുഎഇയില്‍ ഈ വര്‍ഷം 12 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും
ഷാര്‍ജ: ലുലു ഗ്രൂപ്പിന്റെ ഷാര്‍ജയിലെ എട്ടാമത്തെയും ആഗോളതലത്തില്‍ 164മത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഷാര്‍ജയിലെ റോള അല്‍ നബയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ട് മേധാവി ഷെയ്ഖ് സാലിം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തത്. റോള മുബാറാക് സെന്ററിനടുത്തതായി അല്‍ ശര്‍ഖ് സ്ട്രീറ്റിലാണ് 85,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായി പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്.
യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തദവസരത്തില്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം 32 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 12 എണ്ണം യുഎഇയിലും ബാക്കി മറ്റ് ജി സിസി രാജ്യങ്ങളിലുമായാണ് ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ റീട്ടെയ്ല്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഗ്രൂപ്പിനുള്ളതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. സൗദി ദേശീയ സുരക്ഷാ ഗാര്‍ഡ് ക്യാമ്പുകളിലെയും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ വാണിജ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ലുലു ഗ്രൂപ്പിന് ലഭിച്ചത് ഇതിന്റെ ഭാഗമായാണ്. ഇവിടത്തെ ഭരണാധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്‍ നന്ദിയുണ്ടെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലി, ലുലു ഡയറക്ടര്‍ സലിം എംഎ, ലുലു ഷാര്‍ജ ഡയറക്ടര്‍ നൗഷാദ് എന്നിവരും സംബന്ധിച്ചു.