മണല്‍ഭൂമിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു
ട്രെയിലറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടാര്‍ജെറ്റ് ചെയര്‍മാന്‍ പി എസ് കൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌ക്രീന്‍ ലവേഴ്‌സിന്റെ ബാനറില്‍ കലാശ്രീ അഷ്‌റഫ് കാളത്തോട് കഥയും തിരക്കഥയും, സംഭാഷണവും ഗാന രചനയും സംഗീതവും സംവിധാനവും നിര്‍വ്വഹിച്ച മണല്‍ഭൂമി ആടുജീവിതങ്ങള്‍ക്കും പത്തേമാരികള്‍ക്കും അപ്പുറം പുതിയ കാലത്തിന്റെ ഗള്‍ഫ് പ്രവാസമാണ് പ്രതിപാദിക്കുന്നത്.
കുവൈത്ത്: സങ്കീര്‍ണമായൊരു പ്രവാസ പ്രണയത്തിന്റെ ദുരന്ത പര്യവസാനം പറയുന്ന മുഴുനീള ചലച്ചിത്രം മണല്‍ഭൂമിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ടാര്‍ജെറ്റ് ചെയര്‍മാന്‍ പി എസ് കൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌ക്രീന്‍ ലവേഴ്‌സിന്റെ ബാനറില്‍ കലാശ്രീ അഷ്‌റഫ് കാളത്തോട് കഥയും തിരക്കഥയും, സംഭാഷണവും ഗാന രചനയും സംഗീതവും സംവിധാനവും നിര്‍വ്വഹിച്ച മണല്‍ഭൂമി ആടുജീവിതങ്ങള്‍ക്കും പത്തേമാരികള്‍ക്കും അപ്പുറം പുതിയ കാലത്തിന്റെ ഗള്‍ഫ് പ്രവാസമാണ് പ്രതിപാദിക്കുന്നത്. സമ്പന്നവല്‍ക്കരിക്കപ്പെട്ടവരും ഇടത്തരക്കാരും അവര്‍ക്കിടയിലെ വലിപ്പ ചെറുപ്പങ്ങളും കൊമ്പുകോര്‍ക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് മണല്‍ഭൂമിയുടെ കഥാ പരിസരം.
പോപ്പിന്‍സ് ഹാളില്‍ നടന്ന ട്രെയിലര്‍ റിലീസിങ്ങിനോടനുബന്ധിച്ചുള്ള പൊതു പരിപാടി ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാമുഖ്യമുള്ള മണല്‍ഭൂമിയിലെ പ്രധാന റോളില്‍ പ്രശസ്ത നടി സജിത മഠത്തിലും, ട്രീസ വില്‍സനും, മഞ്ജുവുമാണ് അഭിനയിക്കുന്നത്, നായകനായി കലാശ്രീ ബാബു ചാക്കോളയും, സജീവ് പീറ്ററും, കുമാര്‍ തൃത്താലയും ജസയും പ്രധാന റോളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ആറ് പാട്ടുകളാണുള്ളത്.
വിദ്യാഭവന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ സുരേഷ് വി ബാലകൃഷ്ണനും,സലാം കളനാടും ആശംസകള്‍ അര്‍പ്പിച്ചു. റാഫി കല്ലായ്, ധന്യഷെബി, അന്ന തുടങ്ങിയവരുടെ ഗാന സദ്യയും ഷക്കു കൊറിയോഗ്രാഫി ചെയ്ത് ലയാന്‍, അര്‍ച്ചന, അമേയ, നിത, ഐഡ തുടങ്ങിയവരുടെ നൃത്തവുമുണ്ടായിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ദാസ് സ്വാഗതവും, വില്‍സണ്‍ ചിറയത്ത് നന്ദിയും പറഞ്ഞു.