പി പി ശശീന്ദ്രന്റെ സംഭാവനകള്‍ ഉത്കൃഷ്ടം: എം എ യൂസുഫലി

Update: 2020-12-22 18:26 GMT

ദുബയ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി പി ശശീന്ദ്രന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനാണെന്നും മാധ്യമമേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ ഉത്കൃഷ്ടമാണെന്നും ലുലു ഗ്രൂപ് ഇന്റര്‍നാഷണനല്‍ ചെയര്‍മാന്‍ എം എ യൂസുഫലി അഭിപ്രായപ്പെട്ടു. നാട്ടിലേക്ക് പുതിയ ദൗത്യവുമായി മടങ്ങുന്ന മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി പി ശശീന്ദ്രന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മകളായ ഐഎംഎഫും കെയുഡബ്ല്യുജെ മിഡില്‍ ഈസ്റ്റ് യൂനിറ്റും സംയുക്തമായി ലുലു ആസ്ഥാനത്ത് ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ഓണ്‍ലൈനില്‍ ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു യൂസുഫലി.

ഏഴുവര്‍ഷം മുമ്പ് യുഎഇയിലെത്തിയത് മുതല്‍ ശശീന്ദ്രനെ തനിക്ക് പരിചയമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അന്നു മുതല്‍ ഇന്നുവരെ അദ്ദേഹവുമായുള്ള സ്‌നേഹബന്ധം സൂക്ഷിക്കുന്നുവെന്നും അതിനിയും തുടരുമെന്നും വ്യക്തമാക്കി. ശശീന്ദ്രനുമൊത്ത് താന്‍ നടത്തിയ വിമാനയാത്രയ്ക്കിടെ നടത്തിയ സംഭാഷണം അദ്ദേഹം പകര്‍ത്തി പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ആ അനുഭവക്കുറിപ്പുകള്‍ വായിച്ചത്. ഇനി കേരളത്തിലുടനീളം അദ്ദേഹവുമൊത്ത് കാര്‍ യാത്ര നടത്താന്‍ ആഗ്രഹമുണ്ടെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ് കമ്മ്യൂണികേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

രാജു മാത്യു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജലീല്‍ പട്ടാമ്പി ആമുഖം അവതരിപ്പിച്ചു. ഗള്‍ഫ് മാധ്യമത്തിലെ ഡിസൈനര്‍ ഷൈജര്‍ നവാസ് രൂപകല്‍പന ചെയ്ത, ദുബയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പിട്ട പത്ര മാതൃകയിലുള്ള സ്‌പെഷ്യല്‍ മെമെന്റോ അംഗങ്ങള്‍ ചേര്‍ന്ന് പി പി ശശീന്ദ്രന് സമര്‍പ്പിച്ചു. എം സി എ നാസര്‍, കെ എം അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, റോയ് റാഫേല്‍, എന്‍ എ എം ജാഫര്‍, സാദിഖ് കാവില്‍, കബീര്‍ എടവണ്ണ, ഭാസ്‌കര്‍ രാജ്, അരുണ്‍ കുമാര്‍, സനീഷ് നമ്പ്യാര്‍, വനിതാ വിനോദ്, ജോമി അലക്‌സാണ്ടര്‍, നിഷ് മേലാറ്റൂര്‍, തന്‍വീര്‍ കണ്ണൂര്‍, തന്‍സി ഹാഷിര്‍, നാഷിഫ് അലിമിയാന്‍, പ്രമദ് ബി കുട്ടി, റഫീഖ് കരുവമ്പൊയില്‍, ഷിന്‍സ് സെബാസ്റ്റിയന്‍, ഉണ്ണി, യൂസഫ് ഷാ, കമാല്‍ കാസിം, ജെറിന്‍, ടി ജമാലുദ്ദീന്‍, ഷിജോ വെറ്റിക്കുഴ, സജില ശശീന്ദ്രന്‍ (സൂം) ആശംസ നേര്‍ന്നു. പി പി ശശീന്ദ്രന്‍ മറുപടി പ്രസംഗം നടത്തി. സുജിത് സുന്ദരേശന്‍, ഷിനോജ് ഷംസുദ്ദീന്‍ സംസാരിച്ചു.

Tags:    

Similar News