പക്ഷാഘാതം ബാധിച്ചു കിടപ്പിലായ നസറുദ്ദീന്‍ നാടണഞ്ഞു; തുണയായത് സോഷ്യല്‍ ഫോറം ഇടപെടല്‍
റിയാദ്: മൂന്നുമാസമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീന്‍(49) ഇന്ത്യന്‍ സേഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടന്ന് നാടണഞ്ഞു. 16 വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്നുമാസം മുമ്പ് പിതാവ് മരണപ്പെട്ടതിനെ തുടന്നുണ്ടായ മാനസിക വിഷമത്തില്‍ സ്‌ട്രോക്ക് വരികയും തുടര്‍ന്ന് പക്ഷാഘാതം പിടിപെട്ട് ശുമേസി ആശുപത്രിയില്‍ ചികില്‍സയിലാവുകയായിരുന്നു.
പരസഹായം കൂടാതെ എഴുന്നേറ്റുനടക്കാന്‍ സാധിക്കാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ ബന്ധുവായ നുജൂം കടയ്ക്കല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ സുലൈമാന്‍ റജീഫ് മുഖാന്തരം സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഓഡിനേറ്റര്‍ മുനീബ് പാഴൂരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇഅദ്ദേഹത്തിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് എംബസിയില്‍ നിന്ന് നസറുദ്ദീന്റെ യാത്രാ രേഖകളും ടിക്കറ്റും അനുവദിച്ചത്. നാട്ടില്‍ പ്രവാസികളുടെ അടുത്തേക്ക് അടുക്കാന്‍ ആളുകള്‍ ഭയക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത നസറുദ്ദീന് നിര്‍ബന്ധമായും ഒരു സഹായി വേണമെന്ന മുനീബ് പാഴൂരിന്റെ അഭ്യര്‍ഥന മാനിച്ച് എംബസി അദ്ദേഹത്തിന്റെ ബന്ധു സലീം ഷെഫീക്കിനെ സഹായിയായി അയക്കാന്‍ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തുപുരത്തേക്കുള്ള ഫ്‌ളൈറ്റില്‍ ഇരുവരും നാട്ടിലേക്ക് തിരിച്ചു.