ബംഗാളില്‍ 165 സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ക്ക്; കോണ്‍ഗ്രസിന് 92 ഉം ഐഎസ്എഫിന് 37 ഉം സീറ്റുകള്‍ നല്‍കാന്‍ ധാരണ

ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് (ഐഎസ്എഫ്) 37 സീറ്റ് നല്‍കാനും ധാരണയായി.

Update: 2021-03-05 06:59 GMT

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് -ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) കൂട്ടുകെട്ട് തകരുമോ എന്ന ഭയപ്പെട്ട സീറ്റ് പങ്കിടലിന് ശുഭ പര്യവസാനം.

നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐഎസ്എഫും ധാരണയിലെത്തി. ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് (ഐഎസ്എഫ്) 37 സീറ്റ് നല്‍കാനും ധാരണയായി.

ബംഗാളിലെ ഹൂഗ്ലിയിലെ ഫര്‍ഫുറ ഷെരീഫ് ദര്‍ഗയിലെ അബ്ബാസ് സിദ്ദിഖി അടുത്തിടെ രൂപീകരിച്ച പാര്‍ട്ടിയാണ് ഐഎസ്എഫ്. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ പുതിയ പാര്‍ട്ടിയായ ഐഎസ്എഫുമായി കോണ്‍ഗ്രസ് സഖ്യം ചേരുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും തകര്‍ക്കാന്‍ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി മുന്നോട്ട് വരികയായിരുന്നു.

പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. ഏപ്രില്‍ ഒന്ന്, ആറ്, 10,17,22,16, ഏപ്രില്‍ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ബംഗാളില്‍ ഭരണം നേടാന്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്.

Tags:    

Similar News