നോര്‍ക്കയുടെ നേതൃത്വത്തില്‍ നാഷനല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

Update: 2022-06-04 08:51 GMT

തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷനല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നയരൂപീകരണത്തിനും പ്രവാസികളോടുള്ള പ്രതികരണത്തിനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഫറന്‍സിനുള്ളത്. ഓരോ സംസ്ഥാനങ്ങളിലെയും പ്രവാസികളോടുള്ള പ്രതികരണങ്ങളെക്കുറിച്ചും കേരളത്തിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. ലോകത്തിലെ തന്നെ പ്രവാസ സാന്ദ്രത ഏറിയ സംസ്ഥാനമാണ് കേരളം. മടങ്ങിയെത്തുന്നതും നിലവിലുള്ളതുമായ പ്രവാസികള്‍ക്കും പ്രവാസ ലോകം ആഗ്രഹിക്കുന്നവര്‍ക്കും വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോകകേരള സഭ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ച പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള മലയാളികളുടെ എല്ലാ നിലയിലുമുള്ള നൈപുണ്യവും കഴിവുകളും സാധ്യതകളും കേരളത്തിന്റെയും പ്രവാസ സമൂഹത്തിന്റെയും പുരോഗതിക്കു വേണ്ടി സ്വരൂപിക്കുകയാണ് ലോകകേരള സഭ വിഭാവനം ചെയ്യുന്നത്. ജനാധിപത്യത്തിന്റെ പുതിയ വികസിതതലമാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ലോകകേരള സഭയിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂണ്‍ 16, 17, 18 തിയ്യതികളില്‍ നടക്കുന്ന മൂന്നാമത് ലോകകേരളസഭയുടെ സംഘാടക സമിതി രൂപീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞിമുഹമ്മദ് എന്നിവരാണ് രക്ഷാധികാരികള്‍. ചെയര്‍മാനായി പി വി സുനീറിനെയും ജനറല്‍ കണ്‍വീനറായി കെ സി സജീവ് തൈക്കാടിനെയും തിരഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്‍മാരായി സലിം പള്ളിവിള, മുഹ്‌സിന്‍ െ്രെബറ്റ്, ജോര്‍ജ്ജ് എബ്രഹാം, കെ പി ഇബ്രാഹിം എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി പി സി വിനോദ്, മണികണ്ഠന്‍, കബീര്‍ സലാല, കെ പ്രതാപ് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി സംഘാടക സമിതി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. സജീവ് തൈക്കാട് സ്വാഗതം പറഞ്ഞു. വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ സംസാരിച്ചു. 50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ സംഘാടക സമിതിയെയും തിരഞ്ഞെടുത്തു.

Tags:    

Similar News