പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ച് ഒമാന്‍
കൊവിഡ് പശ്ചാത്തലത്തില്‍ റമദാനില്‍ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഉള്ള സമൂഹ നോമ്പ് തുറകള്‍ക്കുള്ള വിലക്ക് തുടരുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു.
മസ്‌കത്ത്: കൊവിഡ് പശ്ചാത്തലത്തില്‍ റമദാനില്‍ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഉള്ള സമൂഹ നോമ്പ് തുറകള്‍ക്കുള്ള വിലക്ക് തുടരുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു. എന്നാല്‍, രണ്ടു വര്‍ഷത്തിന് ശേഷം നിയന്ത്രിതമായ വിശ്വാസികളാല്‍ തറാവീഹ് നമസ്‌കാരത്തിന് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആളുകളെ മാത്രമേ പ്രാര്‍ഥനകളില്‍ പങ്കെടുപ്പിക്കുവാന്‍ പാടുള്ളൂ.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും പന്ത്രണ്ടു വയസ്സിനു താഴെയുള്ളവര്‍ക്കും തറാവീഹിനായി പള്ളികളില്‍ പ്രവേശനം ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് മൂലം പള്ളികളില്‍ മുടങ്ങി പോയ തറാവീഹ് നമസ്‌കാരം പുനരാംഭിക്കുമെന്ന തീരുമാനം ഏറെ സന്തോഷം നല്‍കും. എന്നാല്‍, സമൂഹ ഇഫ്താറുകള്‍ അനുവദിക്കാത്തത് വിശ്വാസികള്‍ക്ക് പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് ഏറെ നിരാശ പകരുന്ന ഒന്നാണ്. പള്ളികളിലെ ഇഫ്താറുകളെ ആശ്രയിച്ചിരുന്ന ഇവര്‍ ഇത്തവണയും ഇഫ്താറിനായി വീടുകളില്‍ തന്നെ കൂടേണ്ടി വരും. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഇഫ്താര്‍ കിറ്റുകള്‍ ആകും ഇവര്‍ക്കുള്ള ആശ്വാസം