ഒരു ഗ്രാമത്തിന്റെ മുന്നൂറ് വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തി 'പൂങ്ങോട് ദേശം നമ്പര്‍ 214'
മാഗസിന്റെ സൗദിതല പ്രകാശനം ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി എം മായിന്‍കുട്ടി, കൂട്ടായ്മ പ്രസിഡന്റ് വി പി ഷിയാസ് എന്നിവര്‍ നിര്‍വഹിച്ചു
ജിദ്ദ: ഒരു ഗ്രാമത്തിന്റെ മുന്നൂറ് വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തിയ'പൂങ്ങോട് ദേശം നമ്പര്‍ 214' എന്ന മാഗസിന്‍ പ്രാദേശിക ഗവേഷകര്‍ക്ക് ഇടയില്‍ സ്ഥാനം പിടിക്കുന്നു. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് നിവാസികളുടെ പ്രവാസി കൂട്ടായ്മ പുറത്തിറക്കിയ 'പൂങ്ങോട് ദേശം നമ്പര്‍ 214' എന്ന ചരിത്ര മാഗസിന്റെ സൗദിതല പ്രകാശനം ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി എം മായിന്‍കുട്ടി, കൂട്ടായ്മ പ്രസിഡന്റ് വി പി ഷിയാസ് എന്നിവര്‍ നിര്‍വഹിച്ചു. സാദിഖലി തുവ്വൂര്‍, കബീര്‍ കൊണ്ടോട്ടി, സുല്‍ഫിക്കര്‍ ഒതായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അഞ്ച് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെയും പഠനങ്ങളുടെയും ഫലമാണ് ചരിത്ര മാഗസിന്റെ പിറവി എന്ന് ഭാരവാഹികള്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ മുമ്പ് വയലുകളും കാര്‍ഷിക സംസ്‌കാരവും രൂപപ്പെട്ടത് മുതല്‍ പുതിയ കാലത്തെ സ്പന്ദനങ്ങള്‍ വരെ മാഗസിന്‍ വരച്ചുകാണിക്കുന്നു.
സാമൂതിരിയുടെ കാലം മുതല്‍ വിവിധ ഭരണങ്ങള്‍ക്കുകീഴില്‍ വന്ന മാറ്റങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നുണ്ട്. പൂങ്ങോടിനെക്കുറിച്ചുള്ള 1800കളിലെ ബ്രിട്ടീഷ് രേഖകള്‍ മാഗസിനിലൂടെ വെളിച്ചം കാണുന്നു. പൂങ്ങോട് അടക്കമുള്ള പ്രദേശങ്ങളെ ഭരിച്ചിരുന്ന ജന്മി തറവാടായ പാണ്ടിക്കട് മരനാട്ടു മനയുടെ ഇതുവരെ പ്രകാശിതമാകാത്ത ചരിത്രവും മാഗസിനിലുണ്ട്.
പൂങ്ങോടിന്റെ വിദ്യാഭ്യാസം, ഗതാഗതം, വ്യാപാരം, കൃഷി, രാഷ്ട്രീയം, വിനോദം, ആരോഗ്യം, മതരംഗം തുടങ്ങിയവയുടെ വിശദമായ ചരിത്രത്തിലൂടെ സഞ്ചരിച്ച് അരനൂറ്റാണ്ടിലെത്തുന്ന പൂങ്ങോടിന്റെ പ്രവാസ ചരിത്രത്തെ വരെ സമഗ്രമായി മാഗസിന്‍ വരച്ചിടുന്നു. ആദ്യകാല പ്രവാസത്തിന്റെ പൊള്ളുന്ന ഓര്‍മകളും ഗള്‍ഫ് കൂട്ടായ്മകളുടെ രസകരമായ അനുഭവങ്ങളും മാഗസിന്‍ പങ്കുവെക്കുന്നു.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍, അത്യപൂര്‍വങ്ങളായ നിരവധി ചിത്രങ്ങള്‍, കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി മുന്നൂറിലധികം പേജുകളില്‍ നൂതന ഡിസൈനിങ് സംവിധാനത്തിലൂടെയാണ് മാഗസിന്‍ തയാറാക്കിയിരിക്കുന്നത്. ഷാനവാസ് പൂളക്കല്‍, സലാം സോഫിറ്റല്‍, അന്‍വര്‍ പൂന്തിരുത്തി, വിനു (ജെ എന്‍ എച്ച്)സക്കീര്‍ ചോലക്കല്‍, ഒ കെ സലാം, പി അബ്ദുല്‍ റസാഖ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
നാട്ടില്‍നിന്നും ഉംറ നിര്‍വഹിക്കാനും സന്ദര്‍ശക വിസയിലുമെത്തിയ പ്രവാസി കൂട്ടായ്മ അംഗങ്ങളുടെ കുടുംബങ്ങളെ ചടങ്ങില്‍ ആദരിച്ചു. പി എം എ ഖാദര്‍ സ്വാഗതവും വി പി ഷാനവാസ് ബാബു നന്ദിയും പറഞ്ഞു.