പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് സമൂഹത്തിനായി സമര്‍പ്പിക്കുന്നു: ഡോ.സിദ്ദീഖ് അഹ്മദ്
ദമ്മാം: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം സമൂഹത്തിന് സമര്‍പ്പിക്കുന്നതായി ജേതാവായ ഡോ.സിദ്ദീഖ് അഹ്മദ്. ദമ്മാം മീഡിയ ഫോറം ദാര്‍ അസ്സിഹ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും താന്‍ നേടിയ മുഴുവന്‍ നേട്ടങ്ങള്‍ക്ക് പിന്നിലും പിന്തുണയും പ്രാര്‍ഥനയുമായി കുടുംബവും സമൂഹവും അടങ്ങുന്ന ആയിരക്കണക്കിന് പേരുടെ സാന്നിധ്യമുണ്ട്.
എല്ലാവരുടെയും കൂട്ടായ അധ്വാനവും പരിശ്രമവുമാണ് ഓരോ നേട്ടങ്ങള്‍ക്ക് പിന്നിലെയും വിജയത്തിന്റെ രഹസ്യം. താന്‍ എല്ലാത്തിനും ഒരു നിമിത്തം മാത്രമായിരുന്നു. തന്നെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത കേന്ദ്രസര്‍ക്കാരിനും എംബസിക്കും തനിക്ക് ബിസിനസ് രംഗത്ത് വേരുറപ്പിക്കാനും അതിനെ വളര്‍ത്തി വലുതാക്കാനും എല്ലാവിധ സഹായങ്ങളും ചെയ്ത് തന്ന സൗദി ഭരണാധികാരികളോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു.
2020 വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൃത്യമായ കാഴ്ചപ്പാടിലൂടെ മുന്നോട്ടുപോയതുകൊണ്ട് ബിസിനസ് രംഗത്ത് പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നില്ല. കൊവിഡിന് ശേഷം സാമ്പത്തികരംഗം തകരുമെന്നുള്ള ചില വിലയിരുത്തലുകള്‍ ആശങ്കകള്‍ മാത്രമാണെന്നും പ്രായോഗിക നടപടികളുമായി മുന്നോട്ടുപോവുന്നവര്‍ക്ക് പ്രയാസപ്പെടെണ്ടിവരില്ലെന്നും അവസരങ്ങള്‍ ഇനിയും ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ ഇന്ന് വലിയ നിക്ഷേപ, വ്യവസായ സൗഹൃദ രാജ്യമാണ്.
പുതിയ വര്‍ഷത്തില്‍മൂന്ന് പ്രധാന മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. സൗദി അറേബ്യ നടപ്പാക്കികൊണ്ടിരിക്കുന്ന സ്വദേശി വല്‍ക്കരണത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ല. അത് ഈ രാജ്യത്തിന്റെ സുസ്തിരതകൂടി വര്‍ദ്ധിപ്പിക്കുന്നതും പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഖത്തര്‍ ബന്ധം വ്യാപാര വാണിജ്യരംഗങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. ഇത് മൂലം തൊഴില്‍ മേഖലയില്‍ നിരവധി സാധ്യതകളാണ് വന്നെത്തുകയെന്നും സിദ്ദീഖ് അഹ്മദ് പറഞ്ഞു. ഡോ.സിദ്ദീഖ് അഹ്മദിനുള്ള മീഡിയ ഫോറത്തിന്റെ ബൊക്കെ രക്ഷാധികാരി ഹബീബ് ഏലംകുലം സമ്മാനിച്ചു. മീറ്റ് ദ പ്രസ്സില്‍ ദമ്മാം മീഡിയ ഫോറം വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ വെഞ്ഞാറമൂട്, ട്രഷറര്‍ മുജീബ് കളത്തില്‍ സംസാരിച്ചു.