ക്വാറന്റൈന്‍ ഫീ സൗജന്യമാക്കി കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കിടയിലെ വിവേചനം ഒഴിവാക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈനുള്ള എല്ലാ സൗകര്യവും നാട്ടിലൊരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, അയ്യായിരത്തോളം പ്രവാസികള്‍ നാട്ടിലെത്തിയപ്പോള്‍തന്നെ തന്റെ നിലപാടില്‍നിന്ന് പിന്നോട്ടുപോയത് പ്രവാസികളോട് ചെയ്യുന്ന വിശ്വാസവഞ്ചനയാണ്.

Update: 2020-05-28 09:38 GMT

അബഹ (സൗദി): കൊവിഡ് മഹാമാരി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ടവരും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കമ്പനികളില്‍നിന്നും കൂട്ടപ്പിരിച്ചുവിടലിന്റെ നോട്ടീസ് ലഭിച്ചവരും റൂമിന്റെ വാടകകൊടുക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പ്രവാസികളോട് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളോട് ഇത്തിരിയെങ്കിലും അനുകമ്പയുള്ളവരാണ് കേരള സര്‍ക്കാരെങ്കില്‍ ക്വാറന്റൈന്‍ ഫീ പൂര്‍ണമായി ഒഴിവാക്കി നാടണയുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രവാസികളുടെ വിയര്‍പ്പിനാല്‍ കെട്ടിപ്പടുത്ത കേരളത്തിന്റെ ഭരണകര്‍ത്താക്കള്‍ക്ക് ബാധ്യതയുണ്ട്.

വിമാനചാര്‍ജ് രണ്ടും മൂന്നും ഇരട്ടിയാക്കി പകല്‍കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പുറമെ ഇതുംകൂടി താങ്ങാന്‍ കഴിവില്ലാത്ത 90 ശതമാനം വരുന്ന ശരാശരി പ്രവാസികള്‍ക്കും സര്‍ക്കാരിന്റെ തീരുമാനം ഇരുട്ടടിയായിരിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈനുള്ള എല്ലാ സൗകര്യവും നാട്ടിലൊരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, അയ്യായിരത്തോളം പ്രവാസികള്‍ നാട്ടിലെത്തിയപ്പോള്‍തന്നെ തന്റെ നിലപാടില്‍നിന്ന് പിന്നോട്ടുപോയത് പ്രവാസികളോട് ചെയ്യുന്ന വിശ്വാസവഞ്ചനയാണ്. തിരഞ്ഞെടുപ്പ് സമയങ്ങളിലും പ്രളയസമയത്തും മറ്റുപല അടിയന്തരസാഹചര്യങ്ങളിലും പല പേരിലായി പ്രവാസികളെ പരമാവധി പിഴിഞ്ഞെടുക്കുന്ന സര്‍ക്കാര്‍, കൊവിഡ് മൂലം നാട്ടിലേക്ക് വരുന്ന പ്രവാസികളില്‍നിന്നും ക്വാറന്റൈന്‍ ഫീ വേണമെന്ന് ആവശ്യപ്പെടുന്നത് അനീതിയാണ്.

മന്ത്രിമാര്‍ക്ക് തോര്‍ത്തുമുണ്ടും ടര്‍ക്കിയും വാങ്ങാന്‍ വേണ്ടി 75,000 രൂപ വീതവും പരസ്യത്തിനും പത്രസമ്മേളനത്തിനും ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയും ഭാരമാവാത്തവര്‍ പാവം പ്രവാസികളോട് കാണിക്കുന്ന വഞ്ചനയ്ക്ക് വരുംകാലം മറുപടി പറയിക്കുമെന്ന് സോഷ്യല്‍ ഫോറം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും സഹായം അനര്‍ഹര്‍ക്ക് നല്‍കാതെ ഏറ്റവും അര്‍ഹരായ പ്രവാസികള്‍ക്ക് നല്‍കണമെന്നും സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

Tags:    

Similar News