പ്രവാസികളെ നാട്ടിലെത്തിക്കല്‍: 150 പേര്‍ക്ക് കൂടി സൗജന്യടിക്കറ്റ് നല്‍കുമെന്ന് ടികെഎം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ
ഫ്‌ളൈ ഹോം പദ്ധതിയിലൂടെ 150 പേരെ ഇതിനോടകം നാട്ടിലെത്തിക്കാനായി. ഇതില്‍ 25 പേര്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശുപാര്‍ശ ചെയ്തവരും 15 പേര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ശുപാര്‍ശ ചെയ്തവരുമായിരുന്നു.
ദുബയ്: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി 150 പേര്‍ക്കുകൂടി സൗജന്യമായി ടിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ. ഫ്‌ളൈ ഹോം പദ്ധതിയിലൂടെ 150 പേരെ ഇതിനോടകം നാട്ടിലെത്തിക്കാനായി. ഇതില്‍ 25 പേര്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശുപാര്‍ശ ചെയ്തവരും 15 പേര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ശുപാര്‍ശ ചെയ്തവരുമായിരുന്നു. ഇനിയും 150 പേരെക്കൂടി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മടക്കയാത്രയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കൂടുതല്‍ വിമാനസര്‍വീസുകള്‍ക്കായി കത്തെഴുതി. കോളജില്‍നിന്ന് പഠിച്ചിറങ്ങി യുഎഇയില്‍ ജോലിയാവശ്യാര്‍ഥം സ്ഥിരതാമസമാക്കിയ ഒരുപറ്റം വിദ്യാര്‍ഥികള്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് രൂപംകൊടുത്ത അലുംനി കൊവിഡ് കാലത്തും മനുഷ്യനന്‍മ ലക്ഷ്യമിട്ട് നിരവധി പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമാണ് ഏറ്റെടുത്ത് നടപ്പാക്കിയത്. കൊവിഡ് കാലത്ത് ദുബയ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് ആയിരം കിടക്കകളുള്ള ക്വാറന്റൈന്‍ കേന്ദ്രമൊരുക്കിയതും ഫ്‌ളൈ ഹോം എന്ന പേരില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ നാട്ടിലയക്കാനായി ആരംഭിച്ച പദ്ധതിയും ഏറെ പ്രധാനമാണ്.
വര്‍സാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തിനായി 14 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഓളം ആരോഗ്യപ്രവര്‍ത്തകരെയാണ് സംഘടിപ്പിച്ചുനല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നിര്‍ധനരായ 50 ഓളം വിദ്യാര്‍ഥികള്‍ക്ക് ടിവി, നോമ്പുകാലത്ത് പ്രതിദിനം 250 പേര്‍ക്ക് ഭക്ഷണപ്പൊതി വിതരണം, അലുംനി അംഗങ്ങളുടെ രക്തദാനം, സാമ്പത്തിക സഹായം തുടങ്ങിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ടികെഎംസിഇ യുഎഇ അലുംനി വൈസ് പ്രസിഡന്റ് നൗഷാദ് ഹമീദാണ് കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും പദ്ധതികള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചത്.
കൂടാതെ അലുംനിയിലെ മുതിര്‍ന്ന അംഗങ്ങളായ ചന്ദ്രന്‍ ദിവാകരനും ലാല്‍ അബ്ദുല്‍ സലാമും പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് വലിയ പിന്തുണ നല്‍കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയുടെ പ്രഥമപ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് 1956 ല്‍ ശിലാസ്ഥാപനം നടത്തിയ കേരളത്തിലെ ആദ്യത്തെ എയ്ഡഡ് എന്‍ജിനീയറിഗ് കോളജാണ് കൊല്ലത്തെ ടികെഎം എന്‍ജിനീയറിങ് കോളജ്. അലുംനി ദുബയ് യൂനിറ്റ് പ്രസിഡന്റ് നൗഷാദ് ഹമീദ്, രക്ഷാധികാരി ലാല്‍ അബ്ദുല്‍ സലാം, സെക്രട്ടറി നിസാമുദ്ദീന്‍ മുസ്‌ല്യാര്‍, ട്രഷറര്‍ ശ്യാം ജി പണിക്കര്‍, എക്‌സിക്യൂട്ടീവ് അംഗം നിസാര്‍ അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.