ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടി ബന്ധുക്കളും മല്‍സ്യത്തൊഴിലാളി സംഘടനയും

ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചത്. സംഘത്തില്‍ നാല് മലയാളികളും 20 തമിഴ്‌നാട് സ്വദേശികളുമാണുള്ളത്.

Update: 2021-05-24 17:28 GMT

ദോഹ: മാര്‍ച്ച് 25ന് ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടി ബന്ധുക്കളും മല്‍സ്യത്തൊഴിലാളി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും. ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചത്. സംഘത്തില്‍ നാല് മലയാളികളും 20 തമിഴ്‌നാട് സ്വദേശികളുമാണുള്ളത്. ഇറാനില്‍നിന്ന് മല്‍സ്യബന്ധനത്തിനെത്തിയ ഇവര്‍ ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. രണ്ട് ബോട്ടുകളിലായാണ് മാര്‍ച്ച് 22ന് ഇവര്‍ ഇറാനില്‍നിന്ന് പുറപ്പെട്ടത്.


 ഒരു ബോട്ടില്‍ 10 ഇന്ത്യക്കാരും രണ്ട് ഇറാനികളും രണ്ടാമത്തെ ബോട്ടില്‍ 14 ഇന്ത്യക്കാരും രണ്ട് ഇറാനികളുമാണുണ്ടായിരുന്നത്. അസിന്‍, യാഖൂബ് എന്നീ പേരുകളിലുള്ള ബോട്ടുകള്‍ ഹസന്‍ എന്ന ഇറാനിയുടെ ഉടമസ്ഥതയിലുള്ളതാണ്. തിരുവനന്തപുരം അടിമന്തുറ സ്വദേശി സില്‍വദാസന്‍(33), കൊല്ലം മൂത്തകര സ്വദേശി ലോപ്പസ്(42), തിരുവനന്തപുരം പൂവാര്‍ സ്വദേശി ക്രിസ്തു ദാസന്‍(20), കൊല്ലം പള്ളിത്തോട്ടം സ്വദേശി സ്റ്റീഫന്‍(42) എന്നിവരാണ് ബോട്ടിലുള്ള മലയാളികള്‍. റാസ് ലഫാന്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ഇവരെ പിന്നീട് ജയിലില്‍ അടക്കുകയായിരുന്നുവെന്ന് എംബസിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 19ന് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ഓരോരുത്തര്‍ക്കും 50,000 റിയാല്‍ വീതം (ഏകദേശം 10 ലക്ഷം രൂപ) പിഴ ചുമത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. സ്‌പോണ്‍സര്‍ വിഷയത്തില്‍ ഇടപെടാത്തതിനാല്‍ മല്‍സ്യത്തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അതിനാല്‍, ഖത്തറിലെ ഇന്ത്യന്‍ എംബസി ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് ആവശ്യപ്പെട്ടു.

Tags:    

Similar News