ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിത്വം അഡ്വ.സൈബി ജോസ് രാജിവച്ചു
കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന അഡ്വ.സൈബി ജോസ് രാജിവച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനമാണ് സൈബി രാജിവച്ചത്. അഭിഭാഷക അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന യോഗത്തിലാണ് രാജിസന്നദ്ധത അറിയിച്ച് സൈബി കത്ത് കൈമാറിയത്. അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം രാജി അംഗീകരിച്ചു.
പീഡനക്കേസില്‍ ജഡ്ജിയെ സ്വാധീനിച്ച് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് നിര്‍മാതാവില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്. പിന്നാലെ ഹൈക്കോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അഭിഭാഷകനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. ജഡ്ജിമാരുടെ പേരില്‍ 70 ലക്ഷത്തിലധികം രൂപ കക്ഷികളില്‍നിന്ന് സൈബി കൈക്കൂലിയായി വാങ്ങിയെന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സൈബി രാജിവയ്ക്കണമെന്ന ആവശ്യവുമായി വിവിധ അഭിഭാഷക സംഘടനകള്‍ രംഗത്തുവന്നിരുന്നു.