റാസല്‍ ഖൈമ: എസിയില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ജീവന് അപകടത്തിലായ കുട്ടികളെ രക്ഷിച്ച് എമിറാത്തി യുവതി. എമിറേറ്റിലെ കുല്‍സം പ്രദേശത്താണ് സംഭവം. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിയുടെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ജനവാതിലിന്റെ ഗ്ലാസ് തകര്‍ത്ത് യുവതി അകത്തുകടക്കുകയും കുട്ടികളെ പുറത്തെത്തിക്കുകയുമായിരുന്നു. നാല് പേരും പുറത്തെത്തി നിമിഷങ്ങള്‍ക്കകം എസി പൊട്ടിത്തെറിച്ചു. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി അമ്മയ്ക്കും കുട്ടികള്‍ക്കും പ്രഥമശുശ്രൂഷ നല്കി. മുറിയിലാകെ കടുത്ത പുക നിറഞ്ഞിരുന്നുവെന്നും സ്വന്തം രക്ഷ നോക്കാതെയാണ് കുട്ടികളെ അമ്മ രക്ഷപ്പെടുത്തിയതെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. യുവതിക്ക് ഷോള്‍ഡറിന് സാരമായ പരുക്കേറ്റിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് നിസാര പരുക്ക് മാത്രമാണ് ഉളളത്. 2018 ജൂണില്‍, എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍, ഫുജൈറയിലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു.