വന്‍തോതില്‍ വായ്പയെടുത്ത് മുങ്ങിയെന്ന്; മലയാളികള്‍ക്കെതിരേ പരാതിയുമായി റാസല്‍ഖൈമ ബാങ്ക് അധികൃതര്‍

കേരളത്തിലേക്ക് മുങ്ങിയ മലയാളകള്‍ക്കെതിരേ ബാങ്ക് പ്രതിനിധികള്‍ എറണാകുളം സെന്‍ട്രല്‍ പോലിസ്് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. ദുബൈ റാഖ് ബാങ്ക് സീനിയര്‍ റെമഡിയില്‍ മാനേജര്‍ പ്രശാന്ത് ജയിന്‍, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ സാജന്‍ എന്നിവരാണ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്.

Update: 2019-01-18 04:09 GMT

കൊച്ചി: ദുബൈയില്‍ ലോണെടുത്തതിനു ശേഷം തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്കും കേരളത്തിലേക്കും മുങ്ങിയ മലയാളികള്‍ അടക്കമുള്ളവര്‍ക്കെതിരേ പരാതിയുമായി റാസ് അല്‍ ഖൈമ ബാങ്ക് (റാഖ് ബാങ്ക്) പ്രതിനിധികള്‍. കേരളത്തിലേക്ക് മുങ്ങിയ മലയാളകള്‍ക്കെതിരേ ബാങ്ക് പ്രതിനിധികള്‍ എറണാകുളം സെന്‍ട്രല്‍ പോലിസ്് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. ദുബൈ റാഖ് ബാങ്ക് സീനിയര്‍ റെമഡിയില്‍ മാനേജര്‍ പ്രശാന്ത് ജയിന്‍, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ സാജന്‍ എന്നിവരാണ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്. ഇതിനൊപ്പം ലോണെടുത്തവര്‍ നല്‍കിയ വ്യാജരേഖകള്‍ അടക്കമുള്ള തെളിവുകളും പോലിസിന് കൈമാറി.

എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയിരിക്കുന്ന കേസുകളില്‍ ഒമ്പതുകേസുകളിലാണ് ഇവര്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. 46 കേസുകളാണ് മൊത്തം. ഇതില്‍ 18 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറും. ഇതില്‍ 17 കേസുകളും റാസ് അല്‍ ഖൈമ ബാങ്കിന്റേതാണ്. 20 ബാങ്കുകളില്‍ നിന്നായി ഏകദേശം 20,000 കോടിയിലധികം രൂപയാണ് ഇവര്‍ വായ്പയെടുത്തു മുങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഏകദേശം 800 ഓളം പേരുണ്ട്. ഇതില്‍ 30 ശതമാനം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളളവരാണെന്ന് ബാങ്ക് അധികൃതര്‍ പറയന്നു.

ബാങ്ക് പരാതി നല്‍കിയിരിക്കുന്ന 84 കമ്പനികളുടെ ഉടമസ്ഥരായ 166 മലയാളികളോട് ഇന്ന് ഹാജരാവണമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഏകദേശം 146 കോടിയോളം ബാങ്കില്‍നിന്നും വായ്പയെടുത്തിട്ടുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാഖ് ബാങ്കിന്റെ എറണാകുളത്തെ പവര്‍ ഓഫ് അറ്റോര്‍ണിയായ സ്ഥാപനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദുബൈയിലെ സ്വത്തുക്കള്‍ അവിടെതന്നെ വിറ്റഴിച്ചശേഷം വായ്പയായി ലഭിച്ച തുക ഹവാലയായി കേരളത്തിലേക്കു കടത്തിയെന്നാണ് പ്രാഥമിക നിഗമനം.




Tags:    

Similar News