അഞ്ചല്‍: പ്ലാസ്റ്റിക്കും ഓടയില്‍നിന്നുള്ള മാലിന്യവും സ്വകാര്യ ഭൂമിയില്‍ പഞ്ചായത്തധികൃതരുടെ നിര്‍ദേശാനുസരണം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടിയതായി പരാതി. അഞ്ചല്‍ ചന്തമുക്കില്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം തുറസ്സായ 40 സെന്റ് പുരയിടത്തിലാണ് മാലിന്യം കുഴിച്ചിട്ടത്.
വിവരമറിഞ്ഞെത്തിയ വസ്തു ഉടമ തഴമേല്‍ സ്വദേശി ജോണ്‍ സാമുവല്‍ പ്രവൃത്തി തടയുകയും അഞ്ചല്‍ പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലിസ് മണ്ണുമാന്തി യന്ത്രത്തെയും പഞ്ചായത്ത് അധികൃതരെയും തിരിച്ചയക്കുകയുണ്ടായി.
ഓടയില്‍ നിന്നുള്ള മാലിന്യം മുഴുവന്‍ പഞ്ചായത്തധികൃതര്‍ തന്റെ പുരയിടത്തില്‍ അനധികൃതമായി കുഴിച്ചിടുകയാണെന്നും 2019 മുതല്‍ ഈ പ്രവൃത്തി നടക്കുകയാണെന്നും ഇതിനെതിരെ താന്‍ നല്‍കിയ പരാതികള്‍ക്കൊന്നും പരിഹാരമുണ്ടായിട്ടില്ലെന്നും ഇത് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വസ്തു ഉടമ ജോണ്‍ സാമുവല്‍ പറഞ്ഞു.
എന്നാല്‍, തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കിടന്ന് ജീര്‍ണിച്ച് കൊതുക് പെരുക്കുന്നതായുള്ള പരാതിയുണ്ടെന്നും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശാനുസരണമാണ് മാലിന്യം മറവ് ചെയ്യാന്‍ നടപടിയെടുത്തതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.