മാമിയുടെ തിരോധാനം; അന്വേഷണ സംഘത്തിനെതിരായ ഡ്രൈവര്‍ രജിത് കുമാറിന്റെ പരാതി തള്ളി
കോഴിക്കോട്: മാമിയുടെ തിരോധനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച സംഘത്തിനെതിരേ ഡ്രൈവര്‍ രജിത് കുമാര്‍ നല്‍കിയ പീഡന പരാതി തള്ളി. 2024 ഫെബ്രുവരി എട്ടിനാണ് അന്വേഷണസംഘം തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നു കാട്ടി പോലിസ് കംപ്ലെയിന്റ്‌സ് അതോറിറ്റിക്കാണ് ഇയാള്‍ പരാതി നല്‍കിയത്. മാമി തിരോധാനം അന്വേഷിച്ച എഎസ്ഐ എം വി ശ്രീകാന്ത്, ഇന്‍സ്പെക്ടര്‍ പി കെ ജിജീഷ്, എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പരാതി പരിഹരിക്കാാനുള്ള സിറ്റിംഗില്‍ ഇയാള്‍ ഹാജരാവാത്തതിനേ തുടര്‍ന്നാണ് ഹരജി തളളിയത്.
മാമിയെ കാണാതായ അന്നു മുതല്‍ തന്നെ പോലിസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് മനസമാധാനം ഇല്ലെന്നു പറഞ്ഞ് രജിത് കുമാര്‍ നാടു വിട്ടിരുന്നു. പിന്നീട് ഇയാളെയും ഭാര്യയെയും ഗുരുവായൂരില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്..
2023 ആഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലിസ് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.