സോഷ്യല്‍ ഫോറം ഇടപെടല്‍; ഹുറൂബില്‍ കുടുങ്ങി ദുരിതത്തിലായ കണ്ണൂര്‍ സ്വദേശി നാടണഞ്ഞു

Update: 2021-02-12 10:59 GMT

ഹായില്‍ (സൗദി അറേബ്യ): ഹുറൂബില്‍ കുടുങ്ങി ദുരിതത്തിലായ കണ്ണൂര്‍ സ്വദേശി സോഷ്യല്‍ ഫോറം ഇടപെടലിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി റിജിനാസ് ആണ് ദുരിതജീവിതം അവസാനിപ്പിച്ച് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ഒരുവര്‍ഷം മുമ്പ് ഹായിലില്‍ ഹൗസ് ഡ്രൈവറായെത്തിയ റിജിനാസിനെ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കുകയും താമസസ്ഥലത്തിനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

ഇതുവരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പോലും സമ്മതിക്കാത്ത സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തി വീട്ടിലെ മറ്റു ജോലികളും ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടയിലാണ് രാത്രി താമസസ്ഥലത്തിനിന്ന് പുറത്താക്കപ്പെട്ട നിലയില്‍ റിജിനാസ് തൊട്ടടുത്തുള്ള ഒരു മലമുകളില്‍ കടുത്ത തണുപ്പില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. തുടര്‍ന്ന് ഇദ്ദേഹം തന്റെ സുഹൃത്തുക്കള്‍ മുഖേന സോഷ്യല്‍ ഫോറം ഹായില്‍ ഘടകത്തെ ബന്ധപ്പെട്ടു.

വിഷയത്തില്‍ ഇടപെട്ട സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സബീഹ് കണ്ണൂര്‍, സാദിഖ് വയനാട്, സെയ്ദലവി അല്ലിപ്പാറ കൊണ്ടോട്ടി എന്നിവര്‍ ചേര്‍ന്ന് ഇദ്ദേഹത്തിന് താമസം അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കി, നിയമപരമായ ഇടപെടലുകള്‍ നടത്തി. ലേബര്‍ കോടതിയില്‍ പരാതിപ്പെട്ടതിന്റെ ഫലമായി സ്‌പോണ്‍സറെ വിളിച്ചുവരുത്തി. പിന്നീട് നടന്ന ചര്‍ച്ചയില്‍ മുടക്കം വന്ന ശമ്പളം വാങ്ങിക്കൊടുത്ത് നാട്ടിലേക്ക് പോവാനുള്ള വഴിയൊരുക്കുകയും ചെയ്തു.

Tags:    

Similar News