ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേന്ദ്ര കമ്മിറ്റി സൗദി അറേബിയയുടെ 89ാമത് ദേശീയ ദിനം ആഘോഷിച്ചു. അല്‍ഖോബാറില്‍ നടന്ന പരിപാടി സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമൂഹികവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ആഘോഷ പരിപാടികള്‍ സൗദി അഭിഭാഷകന്‍ സയീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അഭിവൃദ്ധി പ്രാപിക്കുകയും ഇത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ വിഷന്‍ 2030 ക്രിയാത്മകമായ നടപടികളായിട്ടാണ് സൗദി അറേബ്യ സ്വീകരിച്ചത്. സൗദിയിലെ സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനത്തിനുള്ള ഒരു രീതിശാസ്ത്രവും റോഡ്മാപ്പും എല്ലാ മേഖലകളിലും രാജ്യത്തിന് ഒരു പ്രധാന സ്ഥാനം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. 89ാമത് സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയില്‍ ഇന്ത്യക്കാര്‍ സൗദി അറേബ്യയെ തങ്ങളുടെ രണ്ടാമത്തെ ഭവനമായിട്ടാണ് കരുതുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേന്ദ്ര കമ്മിറ്റി സെക്രട്ടറി താഹിര്‍ ഹൈദരാബാദ് പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യക്കാരെ സൗദി സമൂഹത്തിന്റെ എല്ലാ മേഖലകളിലും നന്നായി അംഗീകരിക്കപ്പെടുകയും രാജ്യത്തിന്റെ വികസനത്തിന് സുപ്രധാനമായ പങ്കു വഹിക്കുന്ന ഒരു സമൂഹമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധം ആസ്വദിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും സൗദി സമൂഹത്തിനും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുത്തൂര്‍ അതിഥികളെ സ്വാഗതം ചെയ്തു. ഫോറത്തിന്റെ കാഴ്ചപ്പാടും പ്രവര്‍ത്തനരീതികളും അദ്ദേഹം വിശദീകരിച്ചു.