സോഷ്യല്‍ ഫോറത്തിന്റെ കൈത്താങ്ങ്; കൊവിഡ് തളര്‍ത്തിയ യുപി സ്വദേശി നാട്ടിലേക്കു മടങ്ങി
അല്‍റസ്: കൊവിഡ് മഹാമാരി ശരീരം തളര്‍ത്തിയ യുപി സ്വദേശി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം നാട്ടിലേക്കു മടങ്ങി. അല്‍ ഖസീം പ്രവിശ്യയിലെ അല്‍റസില്‍ 10 വര്‍ഷത്തിലേറെയായി എസി മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്ന അഫ്‌സര്‍ ഖാനാണ് നാട്ടിലേക്കു മടങ്ങിയത്. ഇക്കഴിഞ്ഞ സപ്തംബറിലാണ് ഇദ്ദേഹത്തിനു കൊവിഡ് ബാധിച്ചത്. തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ശരീരം മുഴുവനും തളര്‍ന്നുപോയി. ഒരു മാസക്കാലത്തോളം അബോധാവസ്ഥയില്‍ തുടര്‍ന്ന അഫ്‌സര്‍ ഖാന്റെ അസുഖവിവരം അറിഞ്ഞ അല്‍ റസിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് ഷംനാദ് പോത്തന്‍കോടിന്റെ നേത്യത്വത്തില്‍ സാലിഹ് കാസര്‍കോഡ്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവര്‍ അദ്ദേഹത്തിന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ സ്‌ട്രെച്ചര്‍ സംവിധാനത്തില്‍ നാട്ടിലേക്ക് കയറ്റി വിടാന്‍ ശ്രമം നടത്തിയെങ്കിലും നിലവിലെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതുവരെ കാത്തു നില്‍ക്കണ്ടിവന്നു. തുടര്‍ച്ചയായ മൂന്ന് മാസത്തെ ചികില്‍സയ്ക്കും പരിചരണത്തിനും ശേഷം ചാരി ഇരുന്നു തുടങ്ങിയ അഫ്‌സര്‍ഖാനെ ചക്രക്കസേരയുടെ സഹായത്തോടെയാണ് നാട്ടിലേക്ക് അയച്ചത്. സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫെയര്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ അസീസ് പയ്യന്നൂരിന്റെ നേത്യത്വത്തില്‍ ഫോറം തമിഴ്‌നാട് പ്രസിഡന്റ് മുഹമ്മദ് ജാബര്‍, വെല്‍ഫെയര്‍ വോളന്റിയര്‍മാരായ മുഹമ്മദ് റിയാസ് തമിഴ്‌നാട്, മുഹിനുദ്ദീന്‍ മലപ്പുറം, മുജീബ് വാഴക്കാട്, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവരുടെ കൂട്ടായ പരിശ്രമത്തില്‍ യാത്രാരേഖകള്‍ ശരിയാക്കി ജനുവരി ആറിനു ലക്‌നൗവിലേക്ക് യാത്രയയക്കുകയായിരുന്നു.
UP native returned home by ISF Support