കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ സംസ്‌ക്കരിച്ചു
സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ ജൂലൈ 4ന് കൊറോണ മൂലം ഗവണ്മെന്റ് മദനി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി പള്ളിക്കുന്നത്ത് ദേവസ്യയുടെ മകന്‍ പോള്‍ അലക്‌സ് എന്ന വര്‍ഗീസിന്റെ (55) മൃതദേഹമാണ് അബഹയിലെ അല്‍ ഷറഫ് ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
അബഹ: കൊറോണ ബാധിതനായി സൗദിയില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ സംസ്‌ക്കരിച്ചു. സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ ജൂലൈ 4ന് കൊറോണ മൂലം ഗവണ്മെന്റ് മദനി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി പള്ളിക്കുന്നത്ത് ദേവസ്യയുടെ മകന്‍ പോള്‍ അലക്‌സ് എന്ന വര്‍ഗീസിന്റെ (55) മൃതദേഹമാണ് അബഹയിലെ അല്‍ ഷറഫ് ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
ഏഴു വര്‍ഷം മുന്‍പ് സൗദിയില്‍ എത്തിയ പോള്‍ വര്‍ഗീസ് 4 വര്‍ഷമായി സൗദിയിലെ വിവിധ ഭാഗങ്ങളില്‍ പ്രശസ്ത ജ്വല്ലറി സ്ഥാപനമായ സോനാ ഗോള്‍ഡില്‍ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു കൊല്ലം മുമ്പാണ് അവസാനം നാട്ടിലെത്തിയത്. ഖമീസിലെ ജ്വല്ലറിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
കൊറോണയെതുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതോടെ അവധിക്ക് നാട്ടിലെത്താനാവതെ ഇദ്ദേഹം ഇവിടെ കുടുങ്ങുകയായിരുന്നു. ജൂലൈ 5ന് റിയാദില്‍ നിന്നും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ നാട്ടിലേക്ക് പോകാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് കഴിഞ്ഞ ജൂണ്‍ 26ന് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം സൗദിയില്‍ മറവ് ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളും രേഖകളും ശരിയാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോണ്‍സുലേറ്റ് അബഹ വെല്‍ഫയര്‍ സാമൂഹ്യ ക്ഷേമ വിഭാഗം പ്രവര്‍ത്തകനുമായ ഹനീഫ മഞ്ചേശ്വരം സജീവമായി രംഗത്തുണ്ടായിരുന്നു. ഖമീസില്‍ നിന്നും അബഹയില്‍ എത്തിച്ച മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള അന്ത്യകര്‍മ്മങ്ങളില്‍ മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനും റിയാദില്‍ ഹൌസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന ആന്‍ഡ്രുസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം, ബൈജു തിരുവനന്തപുരം, ഹനീഫ മഞ്ചേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു. ഭാര്യ മിനി, പ്ലസ്ടുവിനു പഠിക്കുന്ന മകന്‍ നോയല്‍ (17), എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ അല്‍ക്ക (13).