കുവൈത്തില്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ ഫീഡ് ബാക്ക് ഫോം ഇനി മലയാളത്തിലും ലഭ്യമാകും
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ എംബസി സേവനങ്ങളുടെ ഗുണ നിലവാരം രേഖപ്പെടുത്തുന്നതിനു ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയ ഫീഡ് ബാക്ക് ഫോം ഇനി മലയാളത്തിലും ലഭ്യമാകും. കഴിഞ്ഞ ആഴ്ച മുതലാണു ഇംഗ്ലീഷ് ഭാഷയില്‍ ഫീഡ് ബേക്ക് ഫോം പുറത്തിറക്കിയത്. ഇതിനു പുറമേ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, മുതലായ 9 ഭാഷകളില്‍ കൂടി ഇനി ഉപഭോക്താക്കള്‍ക്ക് ഫോം പൂരിപ്പിച്ചു നല്‍കാന്‍ സൗകര്യം ലഭിക്കും. ഇത് പ്രകാരം ഇന്ത്യന്‍ എംബസിയിലോ എംബസിയുടെ പാസ്സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലോ എത്തുന്ന ഉപഭോക്താക്കള്‍ക്ക് സേവന സംബന്ധമായ അനുഭവം ഈ ഫോമില്‍ പൂരിപ്പിച്ച് എംബസിയിലോ ഷര്‍ഖ്, ഫഹാഹീല്‍, അബ്ബാസിയ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പെട്ടിയിലോ നിക്ഷേപിക്കാവുന്നതാണ്.
17 ചോദ്യാവലിയാണു ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ നാലുവരെയുള്ള ചോദ്യങ്ങള്‍ ഉപഭോക്താവിന്റെ പേരു,പാസ്‌പോര്‍ട്ട് നമ്പര്‍ , സിവില്‍ ഐ.ഡി. നമ്പര്‍, ടെലഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐ.ഡി മുതലായ വിവരങ്ങള്‍ സംബന്ധിച്ചുള്ളതാണു. സേവനത്തിനു സമീപിച്ച കേന്ദ്രം, ഏത് വിഭാഗത്തില്‍ പെട്ട സേവനം, സേവനം നല്‍കിയ ജീവനക്കാരന്റെ പേരു, സേവനം പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം, സേവനത്തിനു അപേക്ഷിച്ച തിയ്യതി, സേവന കേന്ദ്രത്തില്‍ എത്തിയതും പുറത്തിറങ്ങിയതുമായ സമയം മുതലായ വിവരങ്ങളാണു അഞ്ചു മുതല്‍ 11വരെയുള്ള ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോം പൂരിപ്പിക്കല്‍, ഫോട്ടൊ, ഫോട്ടൊ കോപ്പി മുതലായ അധിക സേവനങ്ങള്‍ ആവശ്യമായിരുന്നുവോ, എങ്കില്‍ എന്ത് കൊണ്ട്, സേവനത്തില്‍ സംതൃപ്തനാണോ അല്ലയോ, എങ്കില്‍ അതിന്റെ കാരണം എംബസിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുതലായ വിവരങ്ങളും 12മുതല്‍ 17 വരെയുള്ള ചോദ്യാവലിയില്‍ ആവശ്യപ്പെടുന്നു. ഇതിനായുള്ള ഫോം എംബസിയിലും എംബസിയുടെ മൂന്നു സേവന കേന്ദ്രങ്ങളിലും ലഭ്യമാണു.എംബസിയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ക്കായി സമീപിക്കുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജാണു ഈ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.