പ്രവാചകന്റെ അനുയായികള്‍ സംശുദ്ധജീവിതം കൊണ്ട് ലോകത്തിന് മാതൃകയാകണം -ശൈഖ് മുഹമ്മദ് കാരക്കുന്ന്

Update: 2020-11-01 06:32 GMT

ദമ്മാം: മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ അനുയായികള്‍ സംശുദ്ധ ജീവിതം കൊണ്ട് ലോകത്തിന് മാതൃകയാകണമെന്ന് ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്. 'പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന തലക്കെട്ടില്‍ നടക്കുന്ന സന്ദേശപ്രചാരണത്തോടനുബന്ധിച്ചു തനിമ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളോട് പോലും ഉദാരപൂര്‍വമായ സമീപനം സ്വീകരിച്ചതാണ് പ്രവാചകമാതൃക. ഓരോ വിശ്വാസിയും സ്വയം നീതിയുടെ പ്രതിനിധാനമാവണം. പ്രവാചകനും ഖുര്‍ആനും മുഴുവന്‍ മനുഷ്യരേയുമാണ് അഭിമുഖീകരിച്ചത്. എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ ആത്മാര്‍ത്ഥമായ മനുഷ്യബന്ധങ്ങള്‍ ഉയര്‍ന്നു വരണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് സത്യത്തിന്റെ സാക്ഷികളാകാന്‍ നിയോഗിക്കപ്പെട്ട മുസ്‌ലിം സമൂഹം പ്രചരിപ്പിക്കേണ്ടത്. നന്മ കല്പിക്കാനും, തിന്മ വിരോധിക്കാനുമാണ് ഇസ്ലാമിക അധ്യാപനങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയ്മന്‍ സഈദ് ഖിറാഅത്ത് നിര്‍വഹിച്ചു. തനിമ സൗദി പ്രസിഡന്റ് കെ എം ബഷീര്‍, പ്രൊവിന്‍സ് പ്രസിഡന്റ് ഉമര്‍ ഫാറൂഖ്, എ കെ അസീസ്, മുഹമ്മദ് സഫ്വാന്‍ സംസാരിച്ചു.




Similar News