ഖമീസ് മുഷൈത്തില്‍ മരണപ്പെട്ട കര്‍ണാടക സ്വദേശിയുടെ മൃതദേഹം കബറടക്കി

Update: 2020-07-29 16:43 GMT

ഹനീഫ ചാലിപ്പുറം

അബഹ: ഖമീസ് മുഷൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ച കര്‍ണാടക ഉള്ളാള്‍ സ്വദേശി മിര്‍സാ ഖലീമുള്ളാ ബേഗ് എന്ന അബ്ദുല്‍ അസീസിന്റെ (55) മൃതദേഹം സറാത്തഅബീദയിലെ മഖ്ബറയില്‍ ജൂലൈ 28 ന് കബറടക്കി. ജൂലൈ 21 ന് സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് നഗരത്തിലൂടെ നടന്നു പോവുമ്പോള്‍ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആംബുലന്‍സില്‍ ഖമീസ് അല്‍ അഹ്‌ലി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ 19 വര്‍ഷമായി ഖമീസില്‍ വയറിങ് പ്ലംബിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു. നാട്ടിലേക്ക് പോവാതെ നീണ്ട 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം നാല് വര്‍ഷം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ പോയി വിവാഹം കഴിച്ചു വന്നത്. ഭാര്യ ആസ്യാമ്മ, മകന്‍ മുഹമ്മദ് അഫ്ലാന്‍ (3).

മൃതദേഹം സൗദി അറേബ്യയില്‍ മറവ് ചെയ്യുന്നതിന് വേണ്ട രേഖകള്‍ ശരിയാക്കിയത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ വൈസ് പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് അബഹ സാമൂഹിക ക്ഷേമ വിഭാഗം മെമ്പറുമായ ഹനീഫ മഞ്ചേശ്വരവും മരിച്ചയാളുടെ സുഹൃത്തുമായ നൗഷാദ് ഉള്ളാലും ആയിരുന്നു ഉണ്ടായിരുന്നത്. ഇവരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തില്‍ ആണ് മൃതദേഹം കബറടക്കിയത്




Similar News