പഠനത്തോടൊപ്പം വ്യാപാരവും; സിലബസ്സില്‍ മാറ്റം വരുത്തി ദുബയ്
ദുബയ് ഫ്യൂച്ചര്‍ ഫൗണ്ടേഷനും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക
ദുബയ്: യുവതലമുറയില്‍ വ്യാപാരവും വ്യവസായവും വളര്‍ത്താന്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനുള്ള പദ്ധതിക്ക് ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ദുബയിലെ സര്‍വകലാശാലകളില്‍ പഠനത്തോടപ്പം ബിസിനസ്സും പ്രോല്‍സാഹിപ്പിക്കാനായി കാംപസുകളില്‍ ഫ്രീസോണുകള്‍ സ്ഥാപിക്കും. യുവതലമുറയ്ക്ക് വിദ്യാഭ്യാസ യോഗ്യത നേടുന്നതോടൊപ്പം തന്നെ കാര്യശേഷിയോടെ വ്യാപാര രംഗത്ത് ലക്ഷ്യം നേടാനും കഴിയും. ദുബയ് നഗരത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റുന്നതിനു വേണ്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ 50 വര്‍ഷത്തെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ദുബയ് ഫ്യൂച്ചര്‍ ഫൗണ്ടേഷനും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.