യുഎഇയില്‍ 10 വര്‍ഷത്തെ വിസയ്ക്ക് 1150 ദിര്‍ഹം
പത്തുവര്‍ഷത്തെ വിസയ്ക്ക് അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസയുടെ നിരക്ക് 1000 ദിര്‍ഹവുമാണ്.
ദുബയ്: പത്തുവര്‍ഷത്തേക്കുള്ള യുഎഇ വിസയ്ക്ക് 1150 ദിര്‍ഹം. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ മേഖലയിലെ വിദഗ്ദര്‍ക്കും ഈ ദീര്‍ഘകാല വിസ സ്വന്തമാക്കാം. പത്തുവര്‍ഷത്തെ വിസയ്ക്ക് അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസയുടെ നിരക്ക് 1000 ദിര്‍ഹവുമാണ്. അഞ്ചുവര്‍ഷത്തെ വിസയ്ക്ക് 650 ദിര്‍ഹം. ദീര്‍ഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അനുവദിച്ചിട്ടുണ്ട്. 1100 ദിര്‍ഹമാണ് ഇതിന്റെ നിരക്ക്.
വന്‍കിട നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്. റീഗല്‍ ഗ്രൂപ്പ് ചെയര്മാന് വാസു ഷ്റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എംഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ആദ്യ ദീര്‍ഘകാല വിസകള്‍ അനുവദിച്ചത്. ഭാര്യയും മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങള്‍ക്ക് പത്തുവര്‍ഷത്തെ വിസ ലഭിച്ചതായി വാസു ഷ്റോഫ് പറഞ്ഞു. നടപടികള്‍ ലളിതമായിരുന്നെന്നും പത്തുമിനിറ്റിനകം വിസ ലഭിച്ചെതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചമുതലാണ് ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. ആറായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.