യുഎഇ ദീര്‍ഘകാല വിസ: അപേക്ഷ സ്വീകരിച്ചുതുടങ്ങി

5, 10 വര്‍ഷത്തേക്ക് പ്രസ്തുത വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് വിസ ഇഷ്യൂ ചെയ്യാന്‍ നിയമപരമായ ചട്ടക്കൂട് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗം അംഗീകാരം നല്‍കി

Update: 2019-03-12 12:42 GMT

ദുബയ്: നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പ്രതിഭകള്‍ക്കും നവീന ആശയമടക്കം വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമായി യുഎഇ ആവിഷ്‌കരിച്ച ദീര്‍ഘകാല റസിഡന്‍സ് വിസയുടെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 5, 10 വര്‍ഷത്തേക്ക് പ്രസ്തുത വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് വിസ ഇഷ്യൂ ചെയ്യാന്‍ നിയമപരമായ ചട്ടക്കൂട് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗം അംഗീകാരം നല്‍കി. മേല്‍ വിഭാഗങ്ങളില്‍ പെട്ടവരുടെ അപേക്ഷകളിന്‍മേല്‍ ദീര്‍ഘകാല വിസകള്‍ നല്‍കാനായി റഗുലേറ്ററി ഫ്രെയിംവര്‍ക്ക് ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ട്വിറ്ററില്‍ കുറിച്ചു. യുഎഇയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ''യുഎഇ പ്രതിഭകളുടെ ഇടമാണ്. മുഴുവന്‍ അഗ്രഗാമികളുടെയും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ഭൂമികയുമാണ്'' അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അബൂദബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേയാണ് ശൈഖ് മുഹമ്മദ് ഇങ്ങനെ പറഞ്ഞത്. നാഷനല്‍ സ്‌പേസ് സ്ട്രാറ്റജി 2030നും കാബിനറ്റ് യോഗം അംഗീകാരം നല്‍കി. വ്യോമ മേഖലയിലെ ഗവേഷണം, ശാസ്ത്രം, ഉല്‍പാദനം, സേവനം, പരീക്ഷണം തുടങ്ങിയ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് നാഷണല്‍ സ്‌പേസ് സ്ട്രാറ്റജി 2030.




Tags:    

Similar News