അമേരിക്കന്‍ മുന്നറിയിപ്പിനിടയിലും ഗള്‍ഫ് വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍
അറേബ്യന്‍ ഗള്‍ഫ് പ്രദേശങ്ങളിലെയും ഗള്‍ഫ് ഓഫ് ഒമാന്‍ പ്രദേശങ്ങളിലെയും വ്യോമയാനപാത ഉപയോഗിക്കുന്ന വിമാനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ദുബയ്: ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ അമേരിക്കന്‍ വിമാനങ്ങളും ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പിനിടയിലും ഗള്‍ഫ് വിമാന കമ്പനികള്‍ സാധാരണ നിലയില്‍ സര്‍വീസ് തുടരുന്നു. അറേബ്യന്‍ ഗള്‍ഫ് പ്രദേശങ്ങളിലെയും ഗള്‍ഫ് ഓഫ് ഒമാന്‍ പ്രദേശങ്ങളിലെയും വ്യോമയാനപാത ഉപയോഗിക്കുന്ന വിമാനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സായുധസേനയുടെ ആധിക്യവും രാഷ്ട്രീയസംഘര്‍ഷമായിക്കൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളെ തെറ്റിദ്ധരിക്കാനിടയാക്കുമെന്ന കാരണത്താലാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേ സമയം, സാഹചര്യം സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ് വിമാന കമ്പനികളുടെ യാത്രാപ്ലാനുകളില്‍ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബയ്, ഇത്തിഹാദ് എന്നിവ പതിവുപോലെ തന്നെയാണ് സര്‍വീസ് തുടരുന്നത്.