പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഒഐസിസി

Update: 2021-06-14 15:57 GMT

ജിദ്ദ: കൊവിഡ് മഹാമാരിമൂലം ഒരുവര്‍ഷത്തിലേറെയായി ജോലിയും കൂലിയുമില്ലാതെ നാട്ടില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി ജിദ്ദ ഒ ഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി പത്തോളം ആവശ്യങ്ങളടങ്ങിയ നിവേദനം കേരള മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു.

നിര്‍ദ്ദിഷ്ട സൗദി കോണ്‍സുലേറ്റ് കോഴിക്കോട് സ്ഥാപിക്കുക, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്ര പുനസ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക, കൊവിഡ് 19 മഹാമാരിമൂലം കഷ്ടതയനുഭവിക്കുന്ന പ്രവാസികള്‍ക്ക് 5,000 രൂപ അടിയന്തര സാമ്പത്തിക സഹായം മാസംതോറും നല്‍കുക, റേഷന്‍ കാര്‍ഡില്‍ എന്‍ആര്‍കെ എന്ന് രേഖപ്പെടുത്തിയത് മൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല, റേഷന്‍ കാര്‍ഡില്‍ പ്രവാസി കൂലി എന്നെഴുതി 60 വയസ് കഴിഞ്ഞവര്‍ക്ക് (നാട്ടിലുള്ള) പ്രവാസി പെന്‍ഷനും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുക, വാക്‌സിന്‍ ക്ഷാമം പരിഹരിച്ച് പ്രവാസികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിനേഷന്‍ നല്‍കുക, തിരിച്ചു വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചാര്‍ജ് സര്‍ക്കാര്‍ വഹിക്കുക, വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, ക്ഷേമനിധി പെന്‍ഷന്‍ 2,000 രൂപയില്‍നിന്ന് 5,000 രൂപയാക്കി ഉയര്‍ത്തുക, കരിപ്പൂര്‍ എയര്‍പോര്‍ട്ട് കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രവാസികളോട് കസ്റ്റംസ് ഓഫിസര്‍മാരുടെ ക്രൂരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

യു എം ഹുസൈന്‍ മലപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാന്‍ പൂക്കാട്ടില്‍, കമാല്‍ കളപ്പാടന്‍, പി കെ അമീര്‍ മുണ്ടുപറമ്പ്, നജ്മുദ്ദീന്‍ മേല്‍മുറി, സലിം നാലകത്ത്, പി കെ നാദിര്‍ഷ, സി പി ഷബീര്‍ അലി, ഫര്‍ഹാന്‍ കൊന്നോല, ടി കെ സാഹിര്‍, പി ടി റഫീഖ്, ടി കെ സുനീര്‍ ബാബു എന്നീ അംഗങ്ങളാണ് നിവേദനം തയ്യാറാക്കിയത്.

Tags:    

Similar News