'വിബ്ജിയോര്‍; കളേഴ്‌സ് ഓഫ് അറേബ്യ' ഫോട്ടോപ്രദര്‍ശനം നാളെ ദമ്മാം ലുലു മാളില്‍

ഇരുപതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2019-12-12 15:14 GMT

ദമ്മാം: ഫോട്ടോഗ്രാഫിയെ നെഞ്ചേറ്റിയ ഒരുകൂട്ടം ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ മെയ്റ്റ്‌സ് 'വിബ്ജിയോര്‍ കളേഴ്‌സ് ഓഫ് അറേബ്യ' എന്ന പേരില്‍ ഫോട്ടോപ്രദര്‍ശനം നടത്തുന്നു. നാളെ വൈകീട്ട് 4 മണി മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് ദമ്മാം ലുലു മാളിലാണ് പരിപാടി. ഇരുപതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി അറേബ്യന്‍ ഗസില്ല, ഫരോ ഈഗിള്‍ ഔള്‍, അറേബ്യന്‍ ഒറിക്‌സ്, സാന്‍ഡ് ഫിഷ് തുടങ്ങി അത്യപൂര്‍വ ജീവജാലങ്ങള്‍, മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍, സൗദിയുടെ ചരിത്രമുറങ്ങുന്ന പൈതൃകങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന നാലോളം സുഹുത്തുക്കള്‍ ചേര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ തുടങ്ങിയ ഫോട്ടോമെയ്റ്റ്‌സ് എന്ന കൂട്ടായ്മ ഇന്ന് വിവിധ രാജ്യക്കാരുള്‍പ്പടെ 70 അംഗങ്ങളിലെത്തിനില്‍ക്കുന്നു.

അംഗങ്ങള്‍ക്കായി സെമിനാറുകള്‍, ശില്‍പശാലകള്‍, പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചാ ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫോട്ടോഗ്രഫി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭരായ മജ്ദി അല്‍നാസര്‍, ഹാനി അല്‍ മര്‍ഹൂം എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 

Tags:    

Similar News