മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന് സജ്ജരായ തനിമ വളണ്ടിയര്‍മാരുടെ സംഗമം മക്ക അസീസിയിലെ തനിമ സെന്റര്‍ ഓഡിറ്റോറിയത്തില്‍ തനിമ കേന്ദ്ര രക്ഷാധികാരി കെ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷം തനിമ കേന്ദ്ര കമ്മിറ്റിയംഗം ഡോ: മുഹമ്മദ് നജീബ് ഹജ്ജ് സേവനത്തിന്റെ മാഹാത്മ്യം വളണ്ടിയര്‍മാരെ ഉണര്‍ത്തി.
ആദ്യ ഹാജി മക്കയിലെത്തുന്ന മുതല്‍ അവസാന ഹാജിയും മക്ക വിടുന്നതുവരെ നീണ്ടുനില്‍ക്കും. തനിമയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ് സ്‌റ്റേഷനുകള്‍, അസീസിയയില്‍ ഹാജിമാര്‍ താമസിക്കുന്ന ബില്‍ഡിങ്ങുകള്‍ കേന്ദ്രീകരിച്ചും വളണ്ടിയര്‍മാര്‍ കര്‍മനിരതരാവും. രോഗികളായ ഹാജിമാരെ പരിചരിക്കുന്നതില്‍ പ്രത്യേകം ടീം രൂപീകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പരിപൂര്‍ണമായ സഹകരണത്തോടെയായിരിക്കും തനിമ വളണ്ടിയര്‍മാരുടെ സേവനം.
ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ താമസസ്ഥലത്ത് എത്തിക്കുക, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സേവനങ്ങളും തനിമ വളണ്ടിയര്‍മാര്‍ നടത്തുന്നുണ്ട്. ചടങ്ങില്‍ മക്ക തനിമ ഹജ്ജ് വളണ്ടിയര്‍ കണ്‍വീനര്‍ ശമീല്‍ ചേന്ദമംഗല്ലൂര്‍ വളണ്ടിയര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളും ഈ വര്‍ഷത്തെ ഹജ്ജ് സേവനപ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയും സദസ്സില്‍ അവതരിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണ സേവനമെന്നും വളണ്ടിയര്‍മാരെ ഉണര്‍ത്തി. തുടര്‍ന്ന് വളണ്ടിയര്‍മാര്‍ക്കുള്ള ജാക്കറ്റുകള്‍ വിതരണം ചെയ്തു.
അസീസിയ: ഇഖ്ബാല്‍ ചെമ്പാന്‍, ഹറം: അബ്ദുല്‍ റഷീദ് സഖാഫ്, ഭക്ഷണം: അബ്ദുസ്സത്താര്‍ തളിക്കുളം, മെഡിക്കല്‍: മനാഫ് & സദക്കത്തുള്ള, അറഫാ ഓപറേഷന്‍: എം എം അബ്ദുല്‍ നാസര്‍, വനിത വിഭാഗം: ഷാനിബ നജാത്ത്, വീല്‍ചെയര്‍ നാസര്‍ വാഴക്കാട്, മീഡിയ സാബിത്ത് എന്നിവരെ വിവിധ വകുപ്പുകളുടെ കോ-ഓഡിനേറ്റര്‍മാരായി നിശ്ചയിച്ചു. വനിതകളടക്കമുള്ള വളണ്ടിയര്‍മാരെയാണ് രണ്ട് ഷിഫ്റ്റുകളായി തനിമ മക്കയില്‍ സേവനത്തിനു ഇറക്കുന്നത്. ഹജ്ജിന്റെ ദിനങ്ങളില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വളണ്ടിയര്‍മാരും സേവനത്തിനായി എത്തിച്ചേരും. യോഗത്തില്‍ തനിമ മക്ക രക്ഷാധികാരി അബ്ദുല്‍ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. അനീസുല്‍ ഇസ്‌ലാം, ഷഫീഖ് പട്ടാമ്പി സംസാരിച്ചു. റസല്‍ നജാത്ത് ഖിറാഅത്ത് നടത്തി.